സാന്റിയാഗോ:ചിലെയിലുണ്ടായ കാട്ടുതീക്ക് പിന്നിൽ അട്ടിമറിയെന്ന് പോലീസിൻ്റെ കണ്ടെത്തൽ, സംഭവത്തിൽ 2 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒരു വനംവകുപ്പ് ജീവനക്കാരനും, ഒരു അഗ്നിശമനസേന ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുന്ന സമയത്ത് നിരവധി ഇടങ്ങളിൽ ഒരുപോലെ കാട്ടുതീ പടർന്ന് പിടിക്കുകയായിരുന്നു.
വീശിയടിച്ച കാറ്റ് കാട്ടുതീ കൂടുതൽ പടരാനും വ്യാപിക്കാനും കാരണമായി. വനപ്രദേശങ്ങളിലും കൃഷിയിടങ്ങളിലുമായാണ് ഫെബ്രുവരി മാസത്തിൽ യാതൊരു കാരണവുമില്ലാതെ അനിയന്ത്രിതമായി കാട്ടുതീ പടർന്ന് പിടിച്ചത്. പതിനാറായിരത്തിലധികം പേരെ ബാധിച്ച വലിയ അപകടത്തിൽ 137 പേരാണ് മരിച്ചത്. സംഭവത്തിൽ പ്രധാന തെളിവുകൾ കണ്ടെത്തിയെന്നും, കൃത്യം നിർവഹിക്കാൻ പ്രതികളെ നയിച്ച കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
ചിലിയിലെ വാൽപറൈസോൽ ബാധിച്ച കാട്ടുതീ രാജ്യത്ത് സംഭവിച്ചതിൽ ഏറ്റവും വലിയതായിരുന്നുവെന്നാണ് വിലയിരുത്തൽ. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് ഏകദേശം 122 കിലോമീറ്റർ വരെ കാട്ടുതീ പടർന്നു.
കാട്ടുതീയിൽ വലിയ തോതിൽ വീടുകളും കൃഷി സ്ഥലങ്ങളും കത്തി നശിച്ചു. അറസ്റ്റിലായ ഉദ്യോഗസ്ഥരിലൊരാളുടെ വീട്ടിൽ നിന്ന് കാട്ടുതീയ്ക്ക് കാരണമായ സാദനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാട്ടുതീ അണയ്ക്കാൻ വലിയ തോതിൽ ഫയർ ഫോഴ്സ് ടീമുകൾ വേണ്ടിവന്നു. കുറെ നേരത്തെ തുടരെയുള്ള ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമായത് .