തലസ്ഥാന ജില്ലയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 200 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച് ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴില്‍ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2022 ഫെബ്രുവരി 28-ന് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി (2021 മുതല്‍ 2026 സാമ്പത്തിക വര്‍ഷം വരെ) 2500 കോടി രൂപയാണ് വകകൊള്ളിച്ചിരുന്നത്.
ഈ മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് കേന്ദ്രം രൂപകല്‍പ്പന നല്‍കുന്നത്. ഈ പദ്ധതി പ്രകാരം തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് നഗരങ്ങള്‍ക്ക് 1800 കോടി രൂപ അനുവദിച്ചു. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതില്‍ 150 കോടി രൂപ (അതായത് 75 ശതമാനം) കേന്ദ്ര സര്‍ക്കാര്‍ നല്‍കും. തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങള്‍ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024 മെയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമര്‍പ്പിക്കണം.
2024 ഡിസംബറിനു മുന്‍പ് 21,253 കോടി രൂപ വരെ കടമെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കിയതിനു പിന്നാലെ തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ക്ക് 200 കോടി രൂപ അനുവദിച്ചത്.