കുവൈത്ത് സിറ്റി : യാത്രക്കാരൻറെ മരണത്തെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോവുകയായിരുന്ന ഗൾഫ് വിമാനം കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മെഡിക്കൽ എമർജൻസി മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
ലാൻഡിംഗിന് ശേഷം ആംബുലൻസ് എത്തുകയും വ്യക്തിയെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിലിപ്പിനോ പൗരനായ യാത്രക്കാരൻ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് വിമാനം പിന്നീട് യാത്ര തിരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, കുവൈത്തിലെ അൽ മുത്‌ല ഏരിയയിൽ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാവിലെ 8.50ന് ഒരു കരാറുകാരനാണ് സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. റെസിഡൻഷ്യൽ സിറ്റിയായ അൽ മുത്‌ലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഒരു നിർമ്മാണ തൊഴിലാളി വീണതായി കരാറുകാരൻ അറിയിച്ചു. ഉടന്‍ തന്നെ പട്രോളിംഗ് സംഘം സ്ഥലത്തേക്ക് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.