ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിൽ പോയ ആശുപത്രി ഉടമ ഡോ.നവീന്‍ കിച്ചിയാണ് അറസ്റ്റിലായത്.
ഏഴ് നവജാത ശിശുക്കളാണ് തീപിടുത്തത്തില്‍ മരിച്ചത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നവീനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരെ 304-ാം വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് നീക്കം.വിവിധ വകുപ്പുകള്‍ പ്രകാരം നവീന്‍ കിച്ചിക്കെതിരെ കേസെടുത്തെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
നവീന്റെ ഉടമസ്ഥതയില്‍ വേറെയും ശിശു സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 336, 304 എ, 34 എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പൊാലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന നിര്‍ദേശം നല്‍കി.
വിവേക് വിഹാറില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ആശുപത്രിയുടെ താഴെ പ്രവർത്തിച്ചിരുന്നു ഓക്സിജന്‍ സിലണ്ടറിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തമുണ്ടായെതന്ന് പ്രദേശവാസികള്‍ പറഞ്ഞു.
രാത്രി 11.45 ഓടെയാണ് വിവേക് വിഹാറിലെ നവജാത ശിശുക്കള്‍ക്കായുളള ബേബി കെയർ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. 12 കുഞ്ഞുങ്ങള്‍ ആശുപത്രിയിൽ ഉള്ളപ്പോഴായിരുന്നു തീപിടുത്തം. ആശുപത്രിയില്‍ പൂര്‍ണമായും തീ പിടിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ പിൻവാതിലിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. ഏഴ് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് വലിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള പരിമിതമായ സ്ഥലത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയോട് ചേർന്നുള്ള കെട്ടിടങ്ങളും ഭാഗികമായി കത്തി നശിച്ചു. നവജാത ശിശുക്കളുടെ ആശുപത്രിക്കായുള്ള ചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു ബേബികെയറിന്‍റെ പ്രവർത്തനം. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ ആദ്യ നില ഓക്സിജന്‍ സിലണ്ടറുകളുടെ ഗോഡൗണായിരുന്നു. ഇവിടെ അഞ്ച് തവണ സ്ഫോടനമുണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു.
തീപിടുത്ത ദുരന്തം ഹൃദയഭേദകമാണെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി 1000 രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം നല്‍കും. പരുക്കേറ്റ ഓരോരുത്തര്‍ക്കും 50,000 രൂപ വീതം നല്‍കും.