തൃശ്ശൂര്‍: പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചര്ദിയും അനുഭവപ്പെട്ട 85-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ വൈദ്യസഹായം നൽകി വിട്ടയച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം.
പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം വിഷബാധയേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. മയോണൈസിന്റേയോ മറ്റോ പ്രശ്നമാണോയെന്ന കാര്യം കൂടുതൽ പരിശോധനക്ക് ശേഷമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ഹോട്ടലിനെതിരെ തുടർനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.