അല്ലിയാമ്പൽ പൂവേ ചൊല്ല് ചൊല്ല് പൂവേ എന്ന ഗാനം കേൾക്കുന്ന മലയാളി സിനിമ പ്രേമികളുടെ മനസിലേക്ക് ഓടി വരുന്ന ഒരു മുഖമുണ്ട്. ദാദ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിൽ നായിക ആയിരുന്ന ആതിരയുടെ മുഖം. ദാദ സാഹിബിലൂടെ അരങ്ങേറ്റം കുറിച്ച ആളാണ് ആതിര. ശരിക്കും പേര് രമ്യ എന്നാണെങ്കിലും ചെയ്ത കഥാപാത്രമായ ആതിര എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഭർത്താവ് ഉദ്യോഗത്തിൽ ജഗദീഷിന്റെ ഭാര്യയായി ഒരു മുഴുനീള കഥാപാത്രമായിരുന്നു ആതിര അവതരിപ്പിച്ചത്. കരുമാടിക്കുട്ടൻ, കാക്കി നക്ഷത്രം, അണു കുടുംബം ഡോട്ട് കോം എന്നിവയാണ് ആതിര ചെയ്ത മറ്റു സിനിമകൾ. സിനിമയിൽ അവസരങ്ങൾ ഒരുപാട് വന്നിട്ടും തിളങ്ങി നിൽക്കുന്ന ഒരു സമയം ആയിരുന്നിട്ടും എന്തുകൊണ്ടാണ് ആതിര സിനിമയെ ഉപേക്ഷിച്ചത് എന്നത് എല്ലാ സിനിമ ആരാധകരും ചോദിക്കുന്ന ഒരു ചോദ്യമാണ്. സിനിമ ഉപേക്ഷിച്ച ആതിര എവിടെയായിരുന്നു ഇത്രയും കാലം എന്നതും അറിയാൻ എല്ലാവര്ക്കും ആഗ്രഹം ഉണ്ട്. ഇതിനുള്ള മറുപടി ആതിര തന്നെ പറയുകയാണ് ഇപ്പോൾ.
“മൂന്നുവർഷം ഞാൻ സിനിമയിൽ ഉണ്ടായിരുന്നു അതിനു ശേഷം ഞാൻ കല്യാണം കഴിച്ചു. എന്റെ ഭർത്താവിന് കാറ്ററിങ് ആയിരുന്നു ജോലി. കല്യാണം കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കാറ്ററിങ്ങിലേക്ക് മാറി. ഒരുപാടില്ലെങ്കിലും ഞങ്ങൾക്ക് ഹാപ്പി ആയിട്ട് ജീവിക്കാനുള്ള വഴി കാറ്ററിങ് വഴി ഉണ്ടാകുന്നുണ്ട്. ഞാൻ ചെയ്ത രണ്ട് സിനിമകളിൽ ഒഴികെ ബാക്കി എല്ലാ സിനിമകളിലും ഞാൻ നായികയായിട്ടായിരുന്നു വന്നിരുന്നത്. പിന്നെ ചില ബുദ്ധിമുട്ടുകൾ കാരണം വിവാഹത്തിന് മുൻപ് തന്നെ ഞാൻ സിനിമ വിടുകയായിരുന്നു. സിനിമ എന്താണെന്ന് അറിയാത്ത പ്രായത്തിലാണ് ഞാൻ ദാദാ സാഹിബ് സിനിമയിലേക്ക് വരുന്നത്. എനിക്ക് ഒരുങ്ങി നടക്കാൻ ഭയങ്കര ഇഷ്ടമുള്ള ഒരു പ്രായമായിരുന്നു അത്. ചേച്ചിയുടെ ഹസ്ബൻഡ് ഡാൻസർ ആയിരുന്നു. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ അന്ന് ജെൻസിന് സിനിമയിൽ അവസരം കിട്ടാൻ പാടായിരുന്നു. അന്ന് അവസരം വന്നപ്പോൾ പുള്ളിയുടെ സഹോദരിയുടെയും എന്റെ സഹോദരിയുടെയും പിന്നെ എന്റെയും കൂടെ ഫോട്ടോ കൊണ്ട് കാണിക്കുകയായിരുന്നു. അങ്ങനെയാണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത്.
മോഡലിംഗ് സ്റ്റാർട്ട് ചെയ്യാൻ വേണ്ടിട്ട് അന്ന് കുറെ സ്റ്റീൽസ് ഒക്കെ എടുത്തിട്ടുള്ള എക്സ്പീരിയൻസ് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. ക്യാമറയ്ക്ക് മുന്നിൽ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തതിന് ശേഷം വിനയൻ സാർ പറഞ്ഞു ഇത് ഓക്കേ ആണ് എന്ന്. ഈ സിനിമയിലെ തന്നെ ജയിലിലെ ഒരു പോർഷൻ ആയിരുന്നു എനിക്ക് അഭിനയിക്കാൻ തന്നത്. വീഡിയോ എടുത്തതിനുശേഷം മമ്മൂക്കയെ കാണിച്ചിട്ട് ഒക്കെയാണെങ്കിൽ നമുക്ക് സിനിമ എടുക്കാം എന്നും പറഞ്ഞു. മമ്മൂക്കയും കൂടെ കൂടി ആയിട്ടാണ് സെലക്ട് ചെയ്തത്. ഞാനൊരു തനി നാട്ടുമ്പുറത്തുകാരിയാണ്. എനിക്ക് അന്ന് ഭയങ്കര അത്ഭുതമായിട്ടായിരുന്നു അത് തോന്നിയിരുന്നത്. കാരണം ഞാൻ ഒക്കെ അന്ന് സിനിമ കണ്ടിരുന്നത് വെള്ളിയാഴ്ച ഒരു ഹിന്ദി സിനിമ, ഞായറാഴ്ച മലയാളം സിനിമ എന്നുള്ള രീതിയിലായിരുന്നു. വല്ലപ്പോഴും ഒക്കെയാണ് തിയറ്ററിൽ പോയി തന്നെ ഒരു സിനിമ കാണുന്നത്.
ആ സമയത്തൊക്കെ സിനിമയിലേക്ക് ചാൻസ് കിട്ടുക എന്ന് പറയുന്നത് ഭയങ്കര ഭാഗ്യമായിരുന്നു. സിനിമ എന്താണെന്ന് അറിയാതെ സിനിമയിലേക്ക് വന്ന ആളായിരുന്നു ഞാൻ. അണിഞ്ഞൊരുങ്ങി നടക്കാൻ അല്ലാതെ സിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ എനിക്കറിയില്ലായിരുന്നു. മണിച്ചേട്ടൻ മഴ നനയുന്ന ഒരു സീൻ ആണ് എന്നെ ആദ്യമായിട്ട് കാണിക്കുന്നത്. അതിൽ ക്യാമറ എവിടെ വച്ചിട്ടുണ്ടെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. അതിനു ശേഷം എന്റെ സീൻ എടുക്കുന്നത് ജയിലിൽ നിന്നിട്ടാണ്. ജയിലിൽ നിന്ന് കരയുന്ന ഒരു സീൻ ആയിരുന്നു അത്. തെറ്റിയപ്പോഴൊക്കെ മമ്മൂക്ക പറഞ്ഞു തന്നിട്ടുണ്ട്. റീടെക്കുകൾ ഒരുപാട് എടുത്തിട്ടുണ്ട് പലർക്കും ദേഷ്യവും വന്നിട്ടുണ്ട്. പക്ഷേ അന്ന് എല്ലാം എന്തുകൊണ്ടോ നല്ല ഭംഗിയായിട്ട് നടന്നു. സീനിയേർസ് ഒക്കെ ഒരുപാടുണ്ടായിരുന്നു അന്ന് രാജൻ പി ദേവിനോടൊക്കെ ഭയങ്കര പേടിയായിരുന്നു. പിന്നെ എല്ലാവരും ആയിട്ടും നല്ല കമ്പനിയായി.
കാതൽ സിനിമയുടെ ഷൂട്ട് നടന്ന സമയത്ത് എനിക്ക് മമ്മൂട്ടിയെ കാണാൻ ഒരു അവസരം ഉണ്ടായിരുന്നു. പക്ഷേ എന്നാലും ഒരു ഭയം ഉള്ളിലുണ്ടാരുന്നു. മമ്മൂക്കയ്ക്ക് എന്നെ അറിയുമോ എന്നൊക്കെ. പിന്നെ പറ്റിയതുമില്ല. അദ്ദേഹത്തെ കാണാൻ ഇനി ഒരു ചാൻസ് വന്നാൽ ഞാൻ അദ്ദേഹത്തെ ഉറപ്പായിട്ടും കണ്ടിരിക്കും. ദാദാസാഹിബ് സിനിമയുടെ കൂടെ തന്നെ വേറൊരു ചാൻസും എനിക്ക് വന്നിട്ടുണ്ടായിരുന്നു. ലാലേട്ടന്റെ കൂടെ ദേവദൂതൻ എന്ന സിനിമയിലേക്ക്. പക്ഷേ അന്ന് ഈ സിനിമയ്ക്ക് വേണ്ടി പറഞ്ഞതിനാൽ അന്ന് അത് ചെയ്യാൻ പറ്റിയില്ല. ദാദാസാഹിബിന്റെ ഓക്കെ പറഞ്ഞതിന് ശേഷമാണ് ദേവദൂതനിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവോ പ്രൊഡക്ഷൻ കണ്ട്രോളറോ ആരോ എന്നെ വിളിച്ചിട്ട് നമുക്ക് ദേവദൂതൻ സിനിമയ്ക്ക് വേണ്ടി ഒന്ന് നോക്കിയാലോ എന്ന് പറഞ്ഞത്. അലീന എന്ന കാരക്റ്ററിന് വേണ്ടി. അന്നത് ഭയങ്കര സന്തോഷമായിരുന്നു കാരണം, നമ്മൾ പ്രതീക്ഷിക്കാതെ ഓരോ ചാൻസസ് വരികയായിരുന്നു. അന്ന് എന്റെ ഒരു ഹൈറ്റിന്റെ ഇഷ്യൂ വെച്ചിട്ട് കുറേ സിനിമകള് ചെയ്യാൻ പറ്റിയില്ല. ഒന്ന് പറക്കും തളികയായിരുന്നു. പിന്നെ പറക്കും തളികയുടെ തന്നെ തമിഴ് വേർഷൻ. അതിൽ വിവേക് വന്ന് എന്നെ കണ്ടിട്ട് പോയിരുന്നു പക്ഷേ അദ്ദേഹത്തിന്റെ ഹൈറ്റിനെക്കാട്ടിലും കുറച്ചുകൂടി ഹൈറ്റ് ഉള്ളത് കൊണ്ട് അതും നടന്നില്ല.
ദാദാസാഹിബ് സിനിമ കഴിഞ്ഞതിനുശേഷം പിന്നെ കരുമാടിക്കുട്ടനിൽ മണിച്ചേട്ടന്റെ കൂടെ കുറച്ചു സീൻസ് ഉണ്ടായിരുന്നു. അതുകഴിഞ്ഞ് അണുകുടുംബം ഡോട്ട് കോം സിനിമയിൽ നിഷാന്ത് സാഗറിന്റെ കൂടെയുള്ള സീൻസ്. ഭർത്താവ് ഉദ്യോഗത്തിൽ ജഗദീഷിന്റെ കൂടെയുള്ള മുഴുനീള കഥാപാത്രമായിരുന്നു. എന്റെ സിനിമ ജീവിതത്തിൽ കുറച്ച് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അന്ന് അത് എന്റെ ജീവിതത്തെ മൊത്തത്തിൽ താളം തെറ്റിച്ചു അതുകൊണ്ടുതന്നെയാണ് ഞാൻ പിന്നീട് സിനിമ വേണ്ട എന്ന് വച്ചതും. അന്നത്തെ അനുഭവങ്ങൾ കൊണ്ട് തന്നെ ഞാൻ പിന്നീട് ചിന്തിച്ചിരുന്നു സിനിമയിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന്. അവസാനം അഭിനയിച്ചത് ജഗദീഷിന്റെ കൂടെ ഒരു സിനിമയിലായിരുന്നു പക്ഷേ അത് പുറത്തുവന്നിട്ടില്ല.
സിനിമ നിർത്തിയതിനു ശേഷം അന്ന് പുറംലോകമായിട്ട് അതായത് ആൾക്കാരുമായിട്ട് മിങ്കിൾ ചെയ്യാൻ പിന്നെ എനിക്ക് കുറച്ച് ഭയമായിരുന്നു. അതുകൊണ്ട് എനിക്ക് ഞാൻ പഠിച്ച മേഖലയിൽ ഒരു ജോലി നേടാനോ ഒന്നും എനിക്ക് കഴിഞ്ഞില്ല. കുറച്ചുകാലം ഞാൻ ഉൾവലിഞ്ഞ് തന്നെ ജീവിച്ചു. കല്യാണം കഴിഞ്ഞു കുട്ടികളായി. കുട്ടികളെ സ്കൂളിൽ വിട്ടതിനുശേഷം ആണ് ഞാൻ പുറംലോകമായിട്ട് ഇടപെടാൻ തുടങ്ങിയത്. പക്ഷേ ഇപ്പോൾ വളരെ ഹാപ്പിയാണ് വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുന്നു.
സിനിമയിൽ കൂടെ വന്നിരുന്നത് അന്ന് ആദ്യം ചേട്ടനായിരുന്നു, എന്റെ സഹോദരിയുടെ ഹസ്ബൻഡ്. പിന്നെ അമ്മയായിരുന്നു. പിന്നെ ഒരു അസിസ്റ്റന്റിനെ പോലെ ഒരു പയ്യൻ കൂടെയുണ്ടായിരുന്നു അത് നമുക്ക് അറിയുന്ന ഒരു പയ്യനായിരുന്നു. എന്റെ അച്ഛൻ എന്റെ പതിനൊന്നാമത്തെ വയസ്സിൽ ആണ് മരിച്ചു പോയത്. സിനിമയിലേക്ക് വന്നതിനുശേഷം ഉള്ള അനുഭവങ്ങൾ എനിക്ക് കൂടുതലായി തുറന്നു പറയാൻ കഴിയില്ല. ഞാൻ അത്രത്തോളം ബുദ്ധിമുട്ടിയിരുന്നു അന്ന്. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാതെ ആൾക്കാർ നമ്മളോട് അങ്ങനെ ഇടപെടുമ്പോൾ എനിക്കിത് ഒരിക്കലും വേണ്ടിയിരുന്നില്ല എന്നൊക്കെ തോന്നി പോയി. ഇതിൽ നല്ലതും ചീത്തയും എല്ലാം ഉണ്ട്. പക്ഷേ എനിക്ക് അന്ന് അതൊന്നും തരണം ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് സിനിമകൾ പിന്നീട് വേണ്ട എന്നു തീരുമാനിച്ചതും.
പല ആൾക്കാരും പറഞ്ഞു കേട്ടിട്ടുണ്ട് സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് അതുപോലെ അന്നത്തെ കാലത്ത് ഞാനും ആലോചിച്ചിരുന്നു സൂയിസൈഡ് ചെയ്താലോ എന്ന്. സിനിമയിലേക്ക് വന്ന ശേഷം ചില ദുരനുഭവങ്ങൾ ഉണ്ടായപ്പോ, എനിക്ക് അതൊരു ട്രാപ്പ് ആയിട്ടായിരുന്നു തോന്നിയത്. എനിക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ പറ്റുമോ എന്ന് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ആ സമയത്താണ് ഞാൻ എന്റെ ഹസ്ബൻഡ് നോട് ഞാൻ അങ്ങോട്ട് നമുക്ക് മാര്യേജ് ചെയ്താലോ എന്ന് പറഞ്ഞത്. അതാണ് ശരിക്കും ഞാനിപ്പോൾ ജീവിക്കാൻ ഉള്ള കാരണവും. സിനിമ നിർത്തിയതിനുശേഷം സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാൻ കഴിയില്ലായിരുന്നു. സിനിമ നിർത്തി വന്നപ്പോൾ ഫാമിലി നന്നായി സപ്പോർട്ട് ചെയ്തു. സിനിമയിൽ വന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് വച്ചാൽ കുറെ പേര് അറിയും എന്നെ, എന്നോട് കുറെ പേർക്ക് ബഹുമാനമുണ്ട്, അതൊക്കെ തന്നെ ഒരു സന്തോഷമാണ്. കോട്ടയം സ്വദേശിയായ വിഷ്ണു നമ്പൂതിരിയെയാണ് താരം വിവാഹം ചെയ്തത്. 23 വയസിൽ ആയിരുന്നു വിവാഹം. 16 വയസുമുതൽ എനിക്ക് എന്റെ ഭർത്താവായ വ്യക്തിയെ ഇഷ്ടം ആയിരുന്നു. അദ്ദേഹം എന്റെ ബന്ധു കൂടിയാണ്. രണ്ട് മക്കൾ വൈഷ്ണവ്, വരധ ” ആതിര പറയുന്നു.