Lifestyle

ചർമ്മത്തെ എപ്പോഴും ചെറുപ്പമായി നിർത്തണോ? തേങ്ങാപ്പാല്‍ മതിയല്ലോ !

തേങ്ങാപ്പാല്‍ വാര്‍ധക്യത്തിന്റെ ദൃശ്യമായ ലക്ഷണങ്ങള്‍ വൈകിപ്പിക്കും

ചര്‍മ്മസംരക്ഷണത്തിന് നമ്മളെ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. വലിയ ഒരു തുക ബ്യൂട്ടി പാർലറിൽ മുടക്കാതെ തന്നെ നമ്മുക്ക് ചർമ്മത്തെ മനോഹരമായി സൂക്ഷിക്കാം. അത്തരം ഓപ്ഷനുകളില്‍ ഒന്നാണ് തേങ്ങാപ്പാല്‍. ഇത് വരകള്‍, ചുളിവുകള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവ പോലുള്ള വാര്‍ധക്യത്തിന്റെ ദൃശ്യമായ ലക്ഷണങ്ങള്‍ വൈകിപ്പിക്കും.

പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും തേങ്ങാപ്പാല്‍ അടങ്ങിയിട്ടുണ്ട്. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി നമുക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കുന്നു. ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മം ലഭ്യമാക്കാൻ തേങ്ങാപ്പാല്‍ സഹായിക്കുന്നു.

നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യുന്നതിനായി വരണ്ട ചര്‍മ്മത്തിന് ഒരു ക്ലെന്‍സറായി തേങ്ങാപ്പാല്‍ ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് കുറച്ച് മിനിറ്റ് മസാജ് ചെയ്യുക.

തുടര്‍ന്ന് നനഞ്ഞ കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് തുടയ്ക്കുക. നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമാണെങ്കില്‍ ഇത് ഒരു ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും തിളങ്ങുന്ന ചര്‍മ്മം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായകമാകുന്നത്. കൂടാതെ തേങ്ങാപ്പാല്‍ ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണ്.

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ നീക്കം ചെയ്യാനും പരിഹാരമാണ് തേങ്ങാപ്പാൽ. അല്‍പം റോസ് വാട്ടറും തേങ്ങാപ്പാലും മിക്‌സ് ചെയ്ത് കണ്ണിന് താഴെ പുരട്ടിയാൽ മതി. അതിന് ശേഷം ഇത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക.

തേങ്ങാപ്പാല്‍ കൊണ്ടുണ്ടാക്കുന്ന ഫേസ്മാസ്‌കും ഫലപ്രദമാണ്. ബദാം പൊടിച്ച് തേങ്ങാപ്പാലില്‍ മിക്സ് ചെയ്ത് സ്‌ക്രബ് ആയോ മാസ്‌ക് ആയോ ഉപയോഗിക്കാം. കൂടാതെ തേങ്ങാപ്പാല്‍, ഗോതമ്പ് തവിട്, ബദാം, തേന്‍ എന്നിവ ചേര്‍ത്തും നിങ്ങള്‍ക്ക് ഫേസ്മാസ്‌ക് ഉണ്ടാക്കാം.

ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലും രണ്ട് ടീസ്പൂണ്‍ ഗോതമ്പ് തവിടും ഒരു ടീസ്പൂണ്‍ പൊടിച്ച ബദാമും തേനും കലര്‍ത്താം. കണ്ണിന്റെയും ചുണ്ടിന്റെയും ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം നല്ല വെള്ളത്തില്‍ കഴുകി കളയുക.