തൃശൂർ: തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഓഫീസർ കമാണ്ടണ്ട് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചതായി അക്കാദമി ഡയറക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അക്കാദമി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടും വരെ ഓഫീസർ കമാണ്ടണ്ടിനെ താത്കാലികമായി ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും ഡയർക്ടർ അറിയിച്ചു.
മേയ് 17ന് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ആംഡ് റിസർവ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇന്‍സ്പക്ടര്‍ മോശമായി സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചെന്നും വനിതാ ഉദ്യോഗസ്ഥ പറഞ്ഞു.
അക്കാദമി ഡയറക്ടറുടെ അറിയിപ്പ് ഇപ്രകാരം
കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോഗസ്ഥനായ ഓഫീസർ കമാണ്ടണ്ടിൽ നിന്നും നേരിട്ട അപമാന പരാതിയിൽ ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ. അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ കേട്ടുകേൾവിയിൽ തന്നെ അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്ന അക്കാദമിയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചു. പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. റിപ്പോർട്ട് കിട്ടുംവരെ ഓഫീസർ കമാണ്ടണ്ടിനെ താത്കാലികമായി ചുമതലയിൽ നിന്ന് മാറ്റി നിർത്താനും നിർദേശിച്ചു. ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമിതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും, സംഭവസമയത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം. റിപ്പോർട്ട് ഉടൻ നൽകാനായും റിപ്പോർട്ട് കിട്ടിയ മുറക്ക് തുടർ നടപടിയും സ്വീകരിക്കും.
ഉദ്യോഗസ്ഥനിൽ നിന്ന് മേയ് 17നാണ് ആദ്യ അതിക്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ചില രേഖകൾ പ്രിന്റെടുക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥൻ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നുമാണ് പരാതിയിലുളളത്. ഇത് തടഞ്ഞതിനുശേഷം പരാതിക്കാരി ഓഫീസിൽ നിന്നിറങ്ങി പോകുകയായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും സമാന സാഹചര്യമാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇനിയും അക്കാദമിയിൽ തുടരാൻ സാധിക്കില്ലെന്നും മാനസികമായി പ്രയാസത്തിലാണെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. വീട്ടുകാരോടും സുഹൃത്തുക്കളോടും ആലോചിച്ചിട്ടാണ് ഡയറക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി.