എളിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്ന് ഉയർന്ന് ഉയരുന്ന ആളുകളുടെ റാഗ്-ടു-റിച്ചസ് കഥകൾ പലപ്പോഴും നമുക്ക് പ്രചോദനമാണ്. ഒരുകാലത്ത് ബില്യൺ ഡോളർ കമ്പനികളെ നയിച്ചിരുന്ന ഇന്ത്യൻ വ്യവസായിയായ ബിആർ ഷെട്ടി എന്ന ബവഗുത്തു രഘുറാം ഷെട്ടിയുടേതാണ് അത്തരത്തിലുള്ള ഈ കഥ. എന്നിരുന്നാലും, തൻ്റെ 12,400 കോടി രൂപയുടെ കമ്പനിയെ വെറും 74 രൂപയ്ക്ക് വിൽക്കേണ്ടി വന്നപ്പോൾ വിധി അപ്രതീക്ഷിത വഴിത്തിരിവായ ആ ജീവിതം എന്താണെന്ന് നോക്കാം.
നമ്മൾ ബി ആർ ഷെട്ടിയുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വീഴ്ച്ചളെക്കുറിച്ച് നമുക്ക് ഒരുപാട് പഠിക്കാനുണ്ടാകും. 1942 ഓഗസ്റ്റ് 1 ന് കർണാടകയിലെ ഉഡുപ്പിയിൽ തുളു സംസാരിക്കുന്ന ബണ്ട് കുടുംബത്തിലാണ് ഷെട്ടിയുടെ ജനനം. കന്നഡ മീഡിയം സ്കൂളിൽ പഠിച്ച അദ്ദേഹം മണിപ്പാലിൽ നിന്ന് ഫാർമസ്യൂട്ടിക്കലിൽ ബിരുദം പൂർത്തിയാക്കി. ഉഡുപ്പി മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രകുമാരി ഷെട്ടിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് നാല് മക്കളാണുള്ളത് . 1973ൽ തനിക്കും തൻ്റെ കുടുംബത്തിനും മെച്ചപ്പെട്ട ഒരു ജീവിതത്തിനായി കൈയിൽ വെറും 665 രൂപയുമായി അദ്ദേഹം കർണാടകയിൽ നിന്നും അബുദാബിയുടെ വലിയ ലോകത്തേക്ക് ചേക്കേറി. ഇവിടെ നിന്നായിരുന്ന ഷെട്ടിയുടെ ജീവിതം മാറിമറഞ്ഞ കഥയുടെ തുടക്കം.
അബുദാബിയിലെ ഒരു ഫാർമസി സെയിൽസ്മാനായാണ് ഷെട്ടിയുടെ തുടക്കം. എന്നാൽ വർഷങ്ങൾക്കിപ്പുറം 1975-ൽ,അദ്ദേഹം ന്യൂ മെഡിക്കൽ സെൻ്റർ (NMC) എന്ന ഒരു ചെറിയ ഫാർമസ്യൂട്ടിക്കൽ ക്ലിനിക്ക് സ്ഥാപിക്കുകയുണ്ടായി. തുടക്ക കാലത്ത് അദ്ദേഹത്തിൻ്റെ ഭാര്യ മാത്രമായിരുന്നു കേന്ദ്രത്തിലെ ഏക ഡോക്ടർ. കാലക്രമേണ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായി എൻഎംസി മാറി. അത്ഭുദകരമായ വളർച്ചയായിരുന്നു ഷെട്ടിക്കും എൻഎംസിക്കുമുണ്ടായത്. ഇതോടെ ഷെട്ടി യുഎഇയുടെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിലെ മുൻനിരക്കാരനായി വളർന്നു . 2015-ൽ ഇന്ത്യയിലെ 100 സമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ ഉൾപ്പെട്ട അദ്ദേഹം 2019-ൽ 42-ാം സ്ഥാനം അലങ്കരിക്കാൻ മാത്രം വളർന്ന് പന്തലിച്ചു. 18000 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന് ബുർജ് ഖലീഫയിൽ സ്വന്തമായി ഫ്‌ളോറുകൾ വരെ ഉണ്ടായിരുന്നു. ആഡംബര കാറുകളും സ്വകാര്യ ജെറ്റുകളടക്കമുള്ള അദ്ദേഹത്തിൻ്റെ ജീവിതത്തിലുണ്ടായ നേട്ടങ്ങൾ ആർക്കും അത്ഭുതമെന്ന് തോന്നുന്നതായിരുന്നു, ഒപ്പം അതൊരു അസൂയ തോന്നുന്ന വളർച്ചയുമായിരുന്നു.
അങ്ങനെയിരിക്കെ 2019-ൽ യുകെ ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനമായ മഡി വാട്ടേഴ്‌സ് ഷെട്ടി പണമൊഴുക്ക് പെരുപ്പിച്ചതായി ആരോപണമുയർത്തി രംഗത്ത് വന്നു. കുറവ് കടം കാണിക്കാൻ വേണ്ടിയാണ് ഷെട്ടി ഇത്തരത്തിൽ ചെയ്തതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. തുടർന്ന്, ആരോപണങ്ങൾ കമ്പനിയുടെ ഓഹരികളിൽ ഇടിവുണ്ടാക്കി, തൽഫലമായി, ബിആർ ഷെട്ടിക്ക് തൻ്റെ 12,478 കോടി രൂപയുടെ കമ്പനി ആ സമയത്ത് വെറും 74 രൂപയ്ക്ക് ഇസ്രായേലി-യുഎഇ കൺസോർഷ്യത്തിന് വിൽക്കേണ്ടി വന്നു. ഒറ്റരാത്രികൊണ്ട് അദ്ദേഹത്തിൻ്റെ ഭാഗ്യം മാറിയത് ഇങ്ങനെയാണ്. ഷെട്ടി പടുത്തുയർത്തിയ സാമ്പ്രാജ്യം തകർന്നത് തരി’പ്പണ’മായി. 2020 ഏപ്രിലിൽ അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് എൻഎംസി ഹെൽത്തിനെതിരെ ക്രിമിനൽ പരാതി നൽകി. ദിവസങ്ങൾക്ക് ശേഷം യുഎഇ സെൻട്രൽ ബാങ്ക് ഇയാളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്ഥാപനങ്ങൾ കരിമ്പട്ടികയിൽ പെടുത്താനും ഉത്തരവിട്ടു. 2020 ഏപ്രിൽ 8-ന് കമ്പനിയുടെ പാപ്പരത്തം കാരണം എൻഎംസി യുകെ അഡ്മിനിസ്ട്രേഷനിൽ മൂടപ്പെട്ട അധ്യായമായി. വെള്ളിത്തിരയിൽ നമ്മൾ കണ്ട റോക്കി ഭായിയുടെ അതേ കഥയാണ് ബി ആർ ഷെട്ടിയുടേതും എല്ലാം നേടിയിട്ടും അവസാനം ഒന്നുമൊന്നും ഇല്ലാതായൊരു ജീവിതം.