തൃശൂർ: വീണ്ടും സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് നേരെ അതിക്രമം. സ്ത്രീധനം പോരെന്ന് ആരോപിച്ച് ഇരിങ്ങാലക്കുടയിൽ ഭർത്താവ് യുവതിയെ മരമുട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ പുത്തൻചിറ കപ്പൻ ബസാറിൽ മറ്റത്തിൽ വീട്ടിൽ ലിബുമോൻ എന്ന ലിബിൻ (40)നെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
ഈ കഴിഞ്ഞ 22-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലിക്ക് പോകുന്ന കാര്യം പറഞ്ഞില്ലെന്ന കാരണത്താൽ പൊറത്തിശ്ശേരിയിൽ വെച്ച് യുവതിയെ തടഞ്ഞുനിർത്തി പ്രതി മരമുട്ടികൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം യുവതി അടുത്ത വീട്ടിൽ ഓടിക്കയറി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
സത്രീധനമായി ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണവും ഒരു ലക്ഷം രൂപയും സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുകയും സ്ത്രീധനം പോരാ എന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.