ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ഐപിഎല്‍ കിരീടം. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്.
ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെക്കാനായത്. 18.3 ഓവറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് നിരയില്‍ നിന്ന് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയുമായിരുന്നു ഇന്നിങ്സിന് തുടക്കമിട്ടത്. ഓപ്പണിങ് ബോളറായി എത്തിയ മിച്ചല്‍ സ്റ്റാര്‍ക് അഞ്ചാം പന്തില്‍ തന്നെ അഭിഷേക് ശര്‍മ്മയെ പവലിയനിലേക്ക് മടക്കി. നാലാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ബൗണ്ടറിക്കുള്ള ശ്രമം സ്റ്റമ്പിങില്‍ കലാശിക്കേണ്ടതായിരുന്നെങ്കിലും കീപ്പര്‍ സ്ഥാനം തെറ്റി നിന്നതിനാല്‍ വിജയിച്ചില്ല. എന്നാല്‍ അടുത്ത പന്തില്‍ തന്നെ അഭിഷേക് ക്ലീന്‍ബൗള്‍ഡ് ആയി. അഞ്ച് ബോള്‍ നേരിട്ട ശര്‍മ്മക്ക് വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം.
രണ്ടാം ഓവറെറിഞ്ഞ വൈഭവ് അറോറ, അവസാന പന്തില്‍ ട്രാവിസ് ഹെഡിനെയും മടക്കി (0). ഗുര്‍ബാസിന്റെ കൈകളിലെത്തിയാണ് ഹെഡ് മടങ്ങിയത്. അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും (13 പന്തില്‍ 9) മടങ്ങി. പവര്‍പ്ലേയില്‍ ടീം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 40 റണ്‍സ്. ഏഴാം ഓവറില്‍ നിതീഷ് റെഡ്ഢിയും പുറത്തായി (10 പന്തില്‍ 13). 11-ാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രമും (23 പന്തില്‍ 20) പുറത്തായതോടെ ഹൈദരാബാദ് വലിയ പതനത്തിലേക്ക് കൂപ്പുകുത്തി. പത്തോവറില്‍ 61 റണ്‍സായിരുന്നു ടീം ടോട്ടല്‍.
ഷഹ്ബാസ് അഹ്മ്മദ് (8), ഹെന്റിച്ച് ക്ലാസന് (16), അബ്ദുള്‍ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ് സ്കോര്‍ 100 കടത്തിയത്. കമ്മിന്‍സിനെ റസ്സല്‍ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ സുനില്‍ നരെയ്ന്റെ (6) വിക്കറ്റ് നേരത്തെ കൊല്‍ക്കത്തയ്ക്ക് നേരത്തെ നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗുര്‍ബാസ് – വെങ്കടേഷ് സഖ്യം 92 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ ഗുര്‍ബാസ് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരെ (6) കൂട്ടുപിടിച്ച് വെങ്കടേഷ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു.