ചെന്നൈ: ഐപിഎല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി. രണ്ടാം തവണയാണ് കോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. പ്ലേ ഓഫില്‍ പുറത്തായ ആര്‍സിബിക്ക് വേണ്ടി 15 മത്സരങ്ങളില്‍ 741 റണ്‍സാണ് താരം നേടിയത്. 61.75 ശരാശരിയിലും 154.70 സ്ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരങ്ങളില്‍ നിറം മങ്ങിയ സഞ്ജു 15 മത്സരങ്ങളില്‍ 531 റണ്‍സാണ് അടിച്ചെടുത്തുത്. 48.27 ശരാശരിയിലും 153.47 സ്ട്രൈക്ക് റേറ്റിലുമാണ് മലയാളി താരത്തിന്റെ നേട്ടം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (583) രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 14 മത്സങ്ങളില്‍ 583 റണ്‍സാണ് താരം നേടിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് (573) മൂന്നാമത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 15 മത്സരങ്ങളില്‍ 567 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് നാലാം സ്ഥാനത്ത്. പിന്നില്‍ സഞ്ജുവും.
ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ (527), ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ കെ എല്‍ രാഹുല്‍ (520), നിക്കോളാസ് പുരാന്‍ (527) എന്നിവര്‍ ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ (488) ഒമ്പതാം സ്ഥാനത്താണ്. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ (484) പത്താം സ്ഥാനത്തും സീസണ്‍ അവസാനിപ്പിച്ചു.
അതേസമയം, പര്‍പ്പിള്‍ ക്യാപ് പഞ്ചാബ് കിംഗ്സിന്റെ ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി. 24 വിക്കറ്റുമായിട്ടാണ് താരം ഒന്നാമതെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി (21) രണ്ടാം സ്ഥാനത്തായി. ജസ്പ്രിത് ബുമ്ര (20), 19 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആന്ദ്രേ റസ്സല്‍, ഹര്‍ഷിത് റാണ, ടി നടരാജന്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ സംഘം ഇന്ന് യാത്ര തിരിക്കാനിരിക്കുകയാണ്. പക്ഷെ അമേരിക്കയിലേക്ക് പോകുന്ന രണ്ടാമത്തെ സംഘത്തിനൊപ്പം വിരാട് കോലിയും സഞ്ജു സാംസണും ഹാര്‍ദ്ദിക് പാണ്ഡ്യയും ഉണ്ടാവില്ല. ഐപിഎൽ എലിമിനേറ്ററിന് ശേഷം ഒരു ഇടവേള കോലി ആവശ്യപ്പെട്ടിരുന്നു. 30ന് മാത്രമെ കോലി അമേരിക്കയിലേക്ക് പോകു എന്നാണ് സൂചന. ഇപ്പോൾ കോലി കുടുംബത്തോടൊപ്പമാണുള്ളത്. ഇതോടെ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരത്തില്‍ കോലി കളിക്കില്ലെന്ന് ഉറപ്പായി.
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കളിച്ച രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസണാകട്ടെ വ്യക്തിപരമായ കാരണങ്ങളാലാണ് രണ്ടാമത്തെ സംഘത്തോടൊപ്പം യാത്രതിരിക്കാത്തത്. വ്യക്തിപരമായ കാര്യങ്ങൾക്കായി സഞ്ചുവിന് ദുബായിലേക്ക് പേകേണ്ടതുണ്ട്. ടീമിനൊപ്പം പിന്നീട് ചേരാമെന്ന സഞ്ജുവിന്‍റെ അപേക്ഷയും ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാണ് സഞ്ചു അമേരിക്കയിലേക്ക് പോവുക എന്ന് വ്യക്തമാക്കിയട്ടില്ല.
അതേസമയം, വിവാഹമോചന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളതെന്നും പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ കോലിയ്ക്കും സഞ്ജുവിനുമൊപ്പം പാണ്ഡ്യയും സന്നാഹമത്സരത്തില്‍ കളിക്കാനുള്ള സാധ്യത മങ്ങി.