തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടന്ന കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യുവിന്റെ ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കെഎസ് യു സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിന് പകരം അത് കൂടുതല്‍ വഷളാക്കാനാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവച്ചത്. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലെ ചുമതലക്കാരുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. ജില്ലാ ഭാരവാഹികളായ രണ്ടുകൂട്ടര്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.
ക്യാംപ് ഡയറക്ടര്‍മാരെ നിയമിക്കാത്തതാണ് അച്ചടക്കം പാലിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ജംബോ കമ്മറ്റികളില്‍ പലര്‍ക്കും കീഴ് ഘടകത്തില്‍ പ്രവര്‍ത്തിച്ച് പരിചയമില്ല. കെ.എസ്.യുവില്‍ അടിമുടി ശുദ്ധീകരണം ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
രണ്ട് ദിവസമായി നടന്നുവരുന്ന ക്യാമ്പിന്റെ സമാപനം ഇന്ന് ഉച്ചയ്ക്കാണ്. അതിനിടെയാണ് ശനിയാഴ്ച്ച രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്.
ഇടുക്കിയില്‍ നടന്ന കെഎസ്‌യു നേതൃക്യാമ്പില്‍ കെപിസിസി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. ക്യാമ്പ് തുടങ്ങിയദിവസം മുതല്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലര്‍ ആരോപിച്ചു.