തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോനെ ചോദ്യം ചെയ്യും. അന്വേഷണ സംഘം ഇന്ന് ഇടുക്കിയിലെത്തും. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. ബാറുടമകൾ പണപ്പിരിവു നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി.
അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിളിച്ചുചേർത്ത യോഗം മന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്നും യോഗം സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാറുടമകളുടേതു മാത്രമായുള്ളതോ അല്ലെന്നുമുള്ള വിശദീകരണവുമായി ടൂറിസം ഡയറക്ടർ രംഗത്തെത്തി. എന്നാൽ, ടൂറിസം ഡയറക്ടർ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിന്റെ അജൻഡയിൽ മദ്യനയം മാത്രമേയുള്ളൂവെന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്.