മലയാളികൾ ഏറെ ആരാധിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തന്റെ പ്രതിഭ തെളിയിച്ച നടൻ. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി ഫഹദ് . വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിക്കാൻ താരത്തിന് ആയി. മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഇന്ന്.
സിനിമയിലേക്ക് യുവാക്കൾക്ക് മാതൃകയാണ് ഫഹദ്. അഭിനയത്തിന് പുറമേ അദ്ദേഹത്തിൻറെ വ്യക്തിത്വവും പലർക്കും മാതൃകയാണ്. ഏറ്റവും വലിയ താരപദവിയിൽ എത്തി നിൽക്കുമ്പോഴും തന്റെ പേരിൽ ഫാൻസ് അസോസിയേഷനോ ആരാധകരോ വേണ്ടെന്ന് നിലപാടെടുത്ത വ്യക്തിയാണ് അദ്ദേഹം. കരിയറിൻറെ രണ്ടാം വരവിൽ തന്നെ അദ്ദേഹം ഇത് വ്യക്തമാക്കിയിരുന്നു.
പിതാവായ ഫാസിലിൻറെ സിനിമയിലൂടെയാണ് ഫഹദിന്റെ അരങ്ങേറ്റം. പക്ഷേ വലിയ പരാജയമാണ് ചിത്രവും ഫഹദിന്റെ അഭിനയവും നേരിട്ടത്. പിന്നാലെ ഫഹദ് സിനിമ കരിയർ മാത്രമല്ല ഈ രാജ്യം തന്നെ ഉപേക്ഷിച്ചു പോയി. എന്നാൽ ഫഹദിന്റെ തിരിച്ചുവരവ് ഞെട്ടിക്കുന്നതായിരുന്നു. മലയാള സിനിമയുടെ മുഖം തന്നെ മാറ്റിമറിച്ചതിൽ ഫഹദിന്റെ സംഭാവനകൾ പറയാതെ വയ്യ. തൻറെ അഭിനയം മികവ് ഒന്നുകൊണ്ടുമാത്രം ലോകത്തിൻറെ കയ്യടി നേടാൻ ഫഹദിനായി.
ആവേശമാണ് ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. രഞ്ജിത്ത് ഗംഗാധരന് എന്ന രംഗയായാണ് ഫഹദ് ആവേശത്തില്‍ എത്തുന്നത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബംഗളൂരുവാണ് ഈ ആക്ഷന്‍ കോമഡി ചിത്രത്തിന്‍റെ പശ്ചാത്തലം. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് വിദ്യാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുകളിലൊന്നാണ് ആവേശത്തിന്‍റെ കാര്യത്തില്‍ നടന്നതെന്നാണ് വിവരം. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം 35 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചില തെലുങ്ക് മാധ്യമങ്ങളും ഇത് ശരിവെക്കുന്നു.
ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞദിവസം കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കാൻ എത്തിയതാണ് അദ്ദേഹം. വേദിയിൽ വച്ച് തന്റെ ആരാധകരോടായി സംസാരിക്കുന്ന കൂട്ടത്തിൽ ആണ് തന്റെ രോഗാവസ്ഥയെ കുറിച്ച് കൂടി ഫഹദ് വാചാലനായത്. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ താൻ തയ്യാറാണ്. എന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും ഫഹദ് പറയുന്നു.
ഫഹദിന്റെ വാക്കുകൾ
ഡയലോഗുകൾ സംസാരിക്കാൻ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയിൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവർ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്സില് നിന്നും തുടങ്ങാം. ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. ADHD എന്ന രോഗാവസ്ഥയുണ്ട് . പല രീതിയിൽ ഉള്ള കണ്ടീഷൻസ് ആണ് നമ്മൾ ഡിസ്കസ് ചെയ്തത്. അതിൽ എന്റെ രോഗത്തെ കുറിച്ച് കൂടി സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചത്. എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാൻ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ നാൽപ്പത്തി ഒന്നാം വയസ്സിലാണ് കണ്ടുപിടിക്കുന്നത് ഇനി മാറ്റാൻ ആകുമോ എന്ന് താൻ ചോദിച്ചുവെന്നും താരം പറയുന്നു. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്ക് ഉണ്ട്.
ഇവിടെ ഞാൻ കണ്ട ചില മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല.ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ആ വെളിചം കിട്ടാൻ എന്നെ പീസ് വാലിയിൽ എത്തിക്കാൻ സഹായിച്ച ദൈവത്തിനോടും മറ്റു സംഘാടകരോടും നന്ദി ഞാൻ പറയുന്നു- ഫഹദ് പറഞ്ഞു.
എന്താണ് ADHD
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ചെറുപ്പത്തിൽ തന്നെ മനസിലാക്കി പരിഹാരം കണ്ടില്ലെങ്കിൽ പ്രായമായവരിലും ഈ രോഗാവസ്ഥ തുടരും.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.