India

‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ ഈ ഗാനം ആലപിച്ചിരിക്കുന്നത് ആരെന്ന് കണ്ടോ?

നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ അരുമക്കിളിയേ നേരോ നേരോ വെറുതേ പുനുതം പറയാതേ നമ്മളു കൊയ്യും വയലുകള്‍ ജന്മി തമ്പ്രാക്കളുടേതല്ലേ ജന്മിതമ്പ്രാക്കളുടേതല്ലേ അല്ലെന്നേ അല്ലേന്നേ അല്ലല്ലല്ലേന്നേ… ഈ ഗാനം ആലപിക്കാത്ത മലയാളികള്‍ നന്നേ കുറവാണ്. വിപ്ലവ വീര്യം സിരകളിലൂടെ ഒഴുകുകയും വിപ്ലവത്തിന്റെ കനലുകള്‍ നെഞ്ചില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഈ വിപ്ലവ സിനിമാഗാനം എന്നും മധുരമേറിയതാണ്. പറഞ്ഞു വരുന്നത് ഒരു തനി ബംഗ്ലാളി ഈ ഗാനം ആലപിച്ചാല്‍ എങ്ങനെയിരിക്കും, അതും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ യുവനേതാവ് കൂടിയാകുമ്പോള്‍. അതേ പശ്ചിമബംഗാളിലെ സെറാംപൂരില്‍ നിന്നും മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി ദിപ്‌സിതാ ധര്‍ ആലപിച്ചതാണ് മലയാളികളുടെ സ്വന്തം ഗാനമായ നമ്മളു കൊയ്യും വയലെല്ലാം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ ഗാനവും, ഗാനമാലാപിച്ച ദിപ്‌സിതയും വൈറലാണ്. ദി വീക്കിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ ഗാനം ദിപ്‌സിത ആലപിച്ചിരിക്കുന്നത്.

അതിന്റെ ഇന്‍സ്റ്റാഗ്രം വീഡിയോ കാണാം.

 

ഈ ഗാനം ദിപ്‌സിത ധര്‍ ആലപിച്ച് വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ലാല്‍സലാം , ലാല്‍സലാം നൂറ് പൂക്കളെ എന്ന ഗാനവും ദിപ്‌സിത ധര്‍ ആലപിച്ചിട്ടുണ്ട്. അതിന്റെ വീഡിയോ കാണാം;

ആരാണ് ദിപ്‌സിത ധര്‍

എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ ദിപ്‌സിത ധര്‍ സെറാംപൂരില്‍ നിന്നുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ്. മേയ് 20 തീയതി നടന്ന അഞ്ചാം ഘട്ടത്തിലാണ് സെറാംപൂരില്‍ പോളിങ് നടന്നത്. പശ്ചിമ ബംഗാളിലെ ഹൗറയില്‍ 1993 ഓഗസ്റ്റ് 9-ന് പിജൂഷ് ധറിന്റെയും ദീപിക താക്കൂര്‍ ചക്രവര്‍ത്തിയുടെയും മകളായി ജനിച്ചു . ദക്ഷിണ കൊല്‍ക്കത്തയിലെ അസുതോഷ് കോളേജില്‍ നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദം നേടി. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എംഫിലും പൂര്‍ത്തിയാക്കി . ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പോപ്പുലേഷന്‍ ജ്യോഗ്രഫിയില്‍ പിഎച്ച്ഡി നേടി.

പശ്ചിമ ബംഗാളിലെ കുട്ടികളുടെ കൂട്ടായ്മയായ കിഷോര്‍ ബാഹിനിയിലൂടെയാണ് ദിപ്‌സിത ധര്‍ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ അസുതോഷ് കോളേജില്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നു , എസ്എഫ്‌ഐ കോളേജ് യൂണിറ്റിന്റെ ആക്ടിംഗ് പ്രസിഡന്റും പിന്നീട് കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി അംഗവുമായി. 2013 മുതല്ഡ 2023 വരെയുള്ള ഒരു പതിറ്റാണ്ട്കാലം എസ്എഫ്‌ഐുടെ വിവിധ സംഘടന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച എട്ട് പേരടങ്ങുന്ന യുകെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രതിനിധി സംഘത്തില്‍ ദിപ്സിതയുമുണ്ടായിരുന്നു.

2021 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബല്ലിയില്‍ നിന്നും മത്സരിച്ച ദിപ്‌സിത ധര്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ ലോക്‌സഭാ മണ്ഡലമായ സെറാപൂരില്‍ നിന്നും ജനവിധി തേടുന്ന ദിപ്‌സിതയ്ക്ക് കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും പിന്തുണയുണ്ട്. വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണ രീതികളും അവര്‍ അവിടെ പരീക്ഷിച്ചിരുന്നു. ചില ദിവസങ്ങളില്‍ അഞ്ച് പൊതുയോഗങ്ങള്‍ വരെ അഭിസംബോധന ചെയ്തു. മതത്തോടും ഹിന്ദു ദൈവങ്ങളോടും ഇടതുപക്ഷം വിമുഖത കാണിക്കുന്നു എന്ന ആഖ്യാനം തകര്‍ക്കാന്‍, അവര്‍ ഇതിനകം രണ്ടുതവണ സെറാംപൂരിലെ മഹേഷിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചു. ധറിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളും റാലികളും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. ക്യാമ്പയിനു വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങ്ങില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 4 ലക്ഷം രൂപ സമാഹരിച്ചു.

ദിപ്‌സിത ധറിന്റെ നിറം ചൂണ്ടിക്കാട്ടി പരിഹസിച്ച സെറാംപൂറിലെ സിറ്റിംഗ് എംപിയും എതിര്‍ സ്ഥാനാര്‍ത്ഥിയുമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ ബാനര്‍ജിയുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം തന്നെ ബല്ലി മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിച്ചപ്പോള്‍ ‘വേലക്കാരി’ എന്ന ടാഗ്ലൈനോടെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നതായി അവര്‍ പറയുന്നു. ‘എനിക്ക് ഇത് എത്രത്തോളം അപകീര്‍ത്തികരമായിരുന്നുവെന്ന് വെറുതെ വിടൂ, വേലക്കാരികളായി ജോലി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഇത് അപമാനകരമാണെന്നും ഇന്ത്യാ ടുഡേയ്ക്ക അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

രാജ്യത്ത് നടന്ന വിവിധ വദ്യാര്‍ത്ഥി സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ദിപ്‌സിത. എല്‍ജിബിടിക്യു വിഭാഗത്തിന്റ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലൂടെ നിരന്തര പോരാട്ടങ്ങള്‍ നടത്തി വരുന്നു.

2020 ഒക്ടോബര്‍ 2ന് നടന്ന ഗ്ലോബല്‍ ഇന്ത്യന്‍ പ്രോഗ്രസീവ് പാനല്‍ ലിസ്റ്റില്‍ ഒരാളായിരുന്നു അവര്‍. ഇന്ത്യയിലെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ദൃശ്യമാധ്യമങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒരു പാനലിസ്റ്റായി എത്താറുണ്ട്.

‘ബംഗാളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ മുഖം ‘ എന്നാണ് ദി വയര്‍ അവളെ വിശേഷിപ്പിച്ചത്. ഹൗറ ജില്ലയിലെ ഡോംജൂരില്‍ മൂന്ന് തവണ നിയമസഭാംഗമായ (എംഎല്‍എ) പത്മ നിധി ധറിന്റെ ചെറുമകളാണ് . ബംഗാളി പിന്നണി ഗായിക ഷോവന്‍ ഗാംഗുലിയുടെ അടുത്ത ബന്ധുകൂടിയാണ് അവര്‍.