വെെകുന്നേരം ചൂട് ചായയ്ക്കൊപ്പം ചൂട് ബീഫ് കട്‌ലറ്റ് കൂടി ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ അല്ലേ… അതിന്റെ ടേസ്റ്റ് അതൊന്ന് വേറെ തന്നെയാണ്. കിടിലൻ ബീഫ് കട്‌ലറ്റ് തയ്യാറാക്കുന്ന രീതി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീഫ് – കാൽ കിലോ
- സവാള – 2 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അരടീസ്പൂൺ
- ഗരം മസാല – അര ടീസ്പൂണ്‍
- മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
- ഉരുളക്കിഴങ്ങ് – 1 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- മുട്ട – 2 എണ്ണം
- മല്ലിയില – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
- ബ്രഡ്ക്രംസ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ബീഫ് മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞു മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക. ശേഷം ഉരുളക്കിഴങ്ങ് വേവിച്ച് ഉടയ്ക്കുക.
ശേഷം ഒരു പാനില്‍ അൽപ്പം എണ്ണ ഒഴിച്ച് സവാള നല്ലവണ്ണം വഴറ്റുക. ശേഷം ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ്, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ഉരുളക്കിഴങ്ങ്, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
നന്നായി വെന്ത ശേഷം വാങ്ങിവച്ച് ചൂടാറുമ്പോള്‍ കട്‌ലറ്റ് ഷേപ്പില്‍ പരത്തുക. പിന്നീട് മുട്ടയിലും ബ്രഡ്ക്രംസിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ബീഫ് കട്‌ലറ്റ് തയ്യാറായി.