Television

Bigg Boss Malayalam Season 6: ഈ സീസണിലെ അവസാന നോമിനേഷൻ: കടുത്ത പോരാട്ടങ്ങൾക്ക് സാക്ഷിയാകാനൊരുങ്ങി ടിക്കറ്റ് ടു ഫിനാലെ: പ്രമോ വീഡിയോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ അവസാന നോമിനേഷന്‍ ഇന്ന് നടക്കും. മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ എപ്പിസോഡുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ചയാണ് എല്ലാ ആഴ്ചയും പുതിയ നോമിനേഷനുകള്‍ നടക്കുന്നത്. ഹൗസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് തോന്നുന്നവരുടെ പേരുകള്‍ പറയാനാണ് ബിഗ് ബോസ് ആവശ്യപ്പെടാറ്. എതിരാളികളെ പുറത്താക്കാനായി പ്രേക്ഷക വോട്ടിംഗിനായി ലിസ്റ്റ് ചെയ്യാനുള്ള അവസരമാണ് മത്സരാര്‍ഥികളെ സംബന്ധിച്ച് നോമിനേഷനുകള്‍. പന്ത്രണ്ടാം വാരത്തിലെ നോമിനേഷന്‍ ആണ് ഒരു സീസണിലെ അവസാന നോമിനേഷന്‍. പതിമൂന്നാം വാരത്തില്‍ നോമിനേഷന്‍ ഉണ്ടാവില്ല. പകരം അവശേഷിക്കുന്ന എല്ലാ മത്സരാര്‍ഥികളും നേരിട്ട് നോമിനേഷനിലേക്ക് എത്തും. പതിനാല് ആഴ്ചകളിലായാണ് ഒരു ബിഗ് ബോസ് സീസണ്‍ നടക്കുക.

അതേസമയം പത്ത് മത്സരാര്‍ഥികളാണ് നിലവില്‍ ബിഗ് ബോസ് ഹൗസില്‍ ഉള്ളത്. രണ്ട് പ്രധാന മത്സരാര്‍ഥികള്‍ വാരാന്ത്യത്തില്‍ പുറത്തായതോടെയാണ് മത്സരാര്‍ഥികളുടെ എണ്ണം പത്തിലേക്ക് ചുരുങ്ങിയത്. അപ്സരയും അന്‍സിബയുമാണ് ശനി, ഞായര്‍ ദിനങ്ങളിലായി പുറത്തായത്. ശനിയാഴ്ച എപ്പിസോഡില്‍ അപ്സരയും ഞായറാഴ്ച എപ്പിസോഡില്‍ അന്‍സിബയും പുറത്തായി. ഈ രണ്ട് എവിക്ഷനുകളും സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസ് ആയിരുന്നു.

ഇരുവരുടെയും പുറത്താവല്‍ ഹൗസിനെ എത്തരത്തില്‍ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. പോരാത്തതിന് ടീം ഗെയിമുകള്‍ക്ക് പകരം വ്യക്തിപരമായ ഗെയിമുകള്‍ ബിഗ് ബോസ് ആരംഭിക്കുന്ന ആഴ്ച കൂടിയാണ് ഇത്. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകള്‍ക്ക് ഇന്ന് തുടക്കമാവും. ഫിനാലെ വീക്കിലേക്ക് ഒരു മത്സരാര്‍ഥിക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന ഒരു കൂട്ടം ഗെയിമുകളാണ് ടിക്കറ്റ് ടു ഫിനാലെ എന്ന പേരില്‍ അറിയപ്പെടുന്നത്.