ഇന്നലെ നടന്ന ഐപിൽ ഫൈനലിൽ നൈറ്റ് റൈഡേഴ്സിന്റെ വിജയശില്പിയായ മിച്ചൽ സ്റ്റാർക്ക് അടുത്ത സീസണിലും ടീമിനായി കളിക്കും. വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റാർക്ക് ഈ സീസണിലൂടെ ഐ പി എല്ലിൽ തിരികെയെത്തിയത്. ഐ പി എൽ ക്വാളിഫയറിലും ഫൈനലിലും സ്റ്റാർക്കായിരുന്നു പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായത്. സീസൺ മുഴുവൻ അത്രയ്ക്കും ഫോമിലായിരുന്നു സ്റ്റാർക്ക് കളിച്ചത്. മറ്റ് പലപ്പോഴും സ്റ്റാർക്കിന് നഷ്ടമായ കൺസിസ്റ്റൻസിയും ഈ സീസണിൽ കാണാനായെന്ന് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു. ഇത്തവണത്തെ ഐപിൽ വിജയത്തിന് ശേഷം സംസാരിക്കവെ സ്റ്റാർക്ക് തൻ്റെ കരിയറിലെ പല പ്രധാന തീരുമാനങ്ങളും മാധ്യമങ്ങളോട് പങ്കുവെച്ചു.
താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുണ്ട് ,അതുകൊണ്ട് ഐ പി എല്ലിൽ കളിക്കാൻ സമയം കണ്ടെത്താൻ തനിക്ക് ആകുമെന്നും സ്റ്റാർക്ക് വ്യക്‌തമാക്കി.
“കഴിഞ്ഞ 9 വർഷമായി താൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് മുൻഗണന നൽകി, ഐപിഎൽ എൻ്റെ ഒഴിവുസമയമായിരുന്നു, എൻ്റെ ശരീരത്തിന് വിശ്രമം നൽകുകയും എൻ്റെ കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും ചെയ്യുന്നത് ഐപിൽ സമയങ്ങളിലായിരുന്നു. കഴിഞ്ഞ 9 വർഷമായി അത് തന്നെയാണ് ഞാൻ ചെയ്തത്.” സ്റ്റാർക് പറഞ്ഞു.
“ഞാൻ എൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. അതിനാൽ, ഒരു ഫോർമാറ്റ് ഞാൻ ഒഴിവാക്കിയേക്കാം, അത് കൂടുതൽ കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ എന്നെ സഹായിച്ചേക്കും അതിനാൽ, ഞാൻ ഈ സീസൺ നന്നായി ആസ്വദിച്ചു കളിച്ചു , ഐ പി എൽ അതിശയിപ്പിക്കുന്ന കളിക്കാരുള്ള ഒരു അത്ഭുതകരമായ ടൂർണമെൻ്റാണ്.”മിച്ചൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
“അടുത്ത വർഷത്തെ ഷെഡ്യൂൾ എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ ഞാൻ മുന്നേ പറഞ്ഞതുപോലെ, ഞാൻ ഈ ഐ പി എൽ ഞാൻ വളരെയധികം ആസ്വദിച്ചാണ് കളിച്ചത്, അടുത്ത സീസണിൽ മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു, അടുത്ത വർഷവും ഇതേ ജേഴ്സി ഇടാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുന്നുമുണ്ട് ,” സ്റ്റാർക്ക് കൂട്ടിച്ചേർത്തു.