എല്ലാ സീസണും ആഘോഷമാകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസൺ ഇന്നലെ അവസാനിച്ചു. ചെന്നൈയിൽ നടന്ന കടുത്ത പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ മൂന്നാം കിരീടത്തിൽ മുത്തമിട്ട് വിജയക്കൊടി പാറിച്ചു. ഐപിൽ സീസണുകളെ വാണിജ്യപരമായി നോക്കുകയാണെങ്കിൽ എല്ലാ സീസണുകളും വലിയ ഹിറ്റാണ്.
സാങ്കേതിക വിദ്യയുടെ വരവ് വലിയ രീതിയിൽ വൈഡ് ആയി ക്രിക്കറ്റിനെ ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നതാണ് ഇതിൻ്റെ പ്രധാന കാരണം. അന്നും ഇന്നും ക്രിക്കറ്റ് എവിടെ നടന്നാലും ഹിറ്റാണ് എന്നാൽ ഇന്ന് ലഭിക്കുന്നത് പോലെ പണംകൊയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് നമ്മുടെ കൈയ്യിലുള്ള ഫോണിൽ വരെ ലൈവായി കളി കാണാമെന്നത് അതിൻ്റെ വ്യൂവർഷിപ്പിനെ വലിയ രീതിയിൽ മാറ്റി മറിച്ചിട്ടുണ്ട്. ഓരോ സീസൺ വരുമ്പോഴും ടീമുളുടെ സമ്മാന തുകയിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്.
ഇന്നലെ സമ്മാനത്തുകയായി 46 കോടിക്ക് മുകളിലാണ് അധികൃതർ ടീമുകൾക്കായി നൽകിയത്. ചാമ്പ്യന്മാരായ കെകെആറിന് 20 കോടി രൂപ സമ്മാനമായി ലഭിച്ചപ്പോൾ, റണ്ണേഴ്സ് അപ്പായ എസ്ആർഎച്ചിന് 13 കോടി രൂപയും സമ്മാനമായി ലഭിച്ചു.
പോയിൻ്റ് ടേബിളിൽ മൂന്നും നാലും സ്ഥാനങ്ങൾ നേടിയ രാജസ്ഥാൻ റോയൽസിനും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനും കോടികൾ ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ സഞ്ജു സാംസന്റെ ടീമിന് 7 കോടി രൂപയും പട്ടികയിൽ നാലാം സ്ഥാനം നേടിയ ആർ സി ബിക്ക് 6.5 കോടിയുമാണ് ലഭിച്ചത്.
ടീമുകൾക്കായുള്ള സമ്മാനങ്ങൾ കൂടാതെ വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയവർക്കും വലിയ തുക സമ്മാനമായി ലഭിച്ചു. ഓറഞ്ച് ക്യാപ്റ്റൻ നേടിയ വിരാട് കോഹ്‌ലിക്കും പർപ്പിൾ ക്യാപ്പ് നേടിയ ഹർഷൽ പട്ടേലിനും 10 ലക്ഷം രൂപ വീതം ലഭിക്കുകയുണ്ടായി. സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സുനിൽ നരെയ്ന് 12 ലക്ഷം സമ്മാനത്തുകയായി ലഭിച്ചു.