വികസനത്തിന്റെ പുത്തന്‍ വാതില്‍ തുറന്നുകൊണ്ട് ഈ വര്‍ഷം സെപ്റ്റംബറോടെ രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്ന പ്രഥമ മദര്‍ പോര്‍ട്ടായ വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ വാണിജ്യ കപ്പല്‍ എത്തുമ്പോള്‍, ഏഴ് പതിറ്റാണ്ടോളം കേരളം കണ്ട സ്വപ്നം അതിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കും. മൂന്ന് കിലോമീറ്റര്‍ നീളം വരുന്ന പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി അടുത്തമാസത്തോടെ ആരംഭിക്കുന്ന ട്രെയില്‍ റണ്ണിനുശേഷം തുറമുഖ ബര്‍ത്തിലേക്ക് എത്തുന്ന കപ്പലുകളുടെ തിരയിളക്കമായിരിക്കും വിഴിഞ്ഞം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
800 മീറ്റര്‍ നീളമുള്ള തുറമുഖ ബര്‍ത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കും. ഇനി അവശേഷിക്കുന്നത് 30 മീറ്ററോളം മാത്രം. ഈ ആഴ്ചയിലോ അടുത്തമാസം ആദ്യമോ അവശേഷിക്കുന്ന ഒരു കാന്റീലിവര്‍ ക്രെയിന്‍ കൂടി വിഴിഞ്ഞഞ്ഞെത്തും. അതോടെ 8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും, 32 കാന്‍ഡി ലിവര്‍ മൗണ്ടഡ് ഗ്യാന്‍ട്രി ക്രെയിനുകളും തുറമുഖത്തെ ചരക്ക് നീക്കത്തിന് സജ്ജമാകും. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിനിന് നാല് ഗ്യാന്‍ട്രി ലിവര്‍ ക്രെയിന്‍ എന്ന കണക്കിനാണ് ചരക്കു നീക്കം സജ്ജമാക്കിയിരിക്കുന്നത്. തുറമുഖ വാര്‍ഫിന്റെ പണികളും പൂര്‍ത്തികരണത്തിലേക്ക് നീങ്ങുകയാണ്. അവശേഷിക്കുന്ന ഭാഗത്ത് മണ്ണ് നിരത്തി ടൈലിടുന്ന പണികളും ഈ കടുത്ത മഴയിലും അതിവേഗം പുരോഗമിക്കുന്നു.
തുറമുഖത്തെ ചുറ്റുമതില്‍ നിര്‍മ്മാണവും അവസാനഘട്ടത്തിലേക്ക് കടക്കുന്നു. തുറമുഖ കവാടത്തില്‍ നിന്നും ആരംഭിക്കുന്ന ഒരു റോഡ് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തേക്ക് കണക്റ്റ് ചെയ്തു നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പണികളും അവസാന ഘട്ടത്തിലാണ്. കണ്ടെയ്‌നറുകള്‍ സംഭരിച്ച് വയ്ക്കാനുള്ള യാര്‍ഡുകള്‍ തുറമുഖപ്രദേശത്തുതന്നെ ഒരുക്കുന്ന നടപടികളും, പുലിമുട്ടിനെ ബലപ്പെടുത്തുന്നതിനായി അക്രോപോഡുകള്‍ നിരത്തുന്ന പണികള്‍ ഉടന്‍ പൂര്‍ത്തികരിക്കും.
രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥികാനുമതി
9540 കോടി നിക്ഷേപത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങളുമായി അദാനി പോര്‍ട്ട് മുന്നോട്ടു പോകുന്നു. പാരിസ്ഥികാനുമതി ലഭിക്കാനുള്ള പൊതുജന അഭിപ്രായശേഖരണം( പബ്ലിക്ക് ഹിയറിങ്) ജൂണ്‍ 19 ന് വിഴിഞ്ഞത്ത് നടക്കും. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പൊതുജനാഭിപ്രായ ശേഖരണം നടത്തുന്നത്. വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ് വിസിലാണ് പരിസ്ഥികാനുമതിയ്ക്കായുള്ള നടപടികളില്‍ മേല്‍നോട്ടം വഹിക്കുന്നത്.
നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ട കോട്ടുകാല്‍ വില്ലേജ്, വിഴിഞ്ഞം വില്ലേജ് പരിധയില്‍ വരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട വിഴിഞ്ഞം വാര്‍ഡ്, കോട്ടുകല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് പബ്ലിക് ഹിയറിങ്ങിനു ക്ഷണിക്കുക. കല്ലുവെട്ടുകുഴിയിലെ ഹാളില്‍ നടക്കുന്ന ഹിയറിങ്ങില്‍ മലിനീകരണം സംബന്ധിച്ചും മണ്ണ്, ശബ്ദം, വെള്ളം എന്നിവ ഉള്‍പ്പെടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ചു നാട്ടുകാര്‍ക്ക് അഭിപ്രായം രേഖാമൂലം അറിയിക്കാന്‍ സാധിക്കുമെന്ന് തുറമുഖ കമ്പിനി അറിയിച്ചു. പൊതുജനാഭിപ്രായം സ്വീകരിച്ചതിനുശേഷം അന്തിമാനുമതിയ്ക്കായി കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കും. മൂന്നു മാസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബറോടെ നടക്കുമെന്നിരിക്കെ അതിനോടൊപ്പം രണ്ടും, മൂന്നും ഘട്ടത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് വിസില്‍ അധികൃതരും അദാനി കമ്പിനിയും ശ്രമിക്കുന്നത്. 2028 നുള്ളില്‍ രണ്ടും മൂന്നും ഘട്ടം പൂര്‍ത്തികരിച്ച് തുറമുഖത്ത് നിന്നും കൂടുതല്‍ ചരക്ക് നീക്കം നടത്താനാണ് അദാനി കമ്പിനിയുടെ തീരുമാനം. രണ്ടും മൂന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലമേറ്റെടുപ്പിന്റെ ആവശ്യകതയില്ല. ആദ്യ ഘട്ടത്തിനോടൊപ്പം തന്നെ തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. എല്‍&ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിങ് ലിമിറ്റഡാണ് പഠനങ്ങള്‍ നടത്തുന്നത്. കരാര്‍ പ്രകാരം ഡിസംബറിനുള്ളില്‍ പൂര്‍ത്തികരിക്കാനുള്ള നടപടികളുമായിട്ടാണ് എല്‍& ടി മുന്നോട്ട് പോകുന്നത്.
അടുത്ത ഘട്ട നിര്‍മാണത്തിനുള്ള പാരിസ്ഥിതികാനുമതി നല്‍കുന്നതിനു മുന്നോടിയായുള്ള ടേംസ് ഓഫ് റഫറന്‍സ് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി അപ്രൈസല്‍ കമ്മിറ്റി പരിശോധിക്കും. കമ്മിറ്റി അംഗീകാരം നല്‍കിയാല്‍ ഈ പരിഗണനാ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി പഠനം തുടങ്ങാം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും രണ്ടും മൂന്നും ഘട്ട നിര്‍മാണത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്നുണ്ട്.
2050 നുള്ളില്‍ നാലു ഘട്ടങ്ങളായി വിഴിഞ്ഞം പൂര്‍ത്തികരിക്കാനാണ് തീരുമാനിച്ചിരുന്നു. എന്നാല്‍ വിഴിഞ്ഞത്ത് ആദ്യഘട്ടത്തില്‍ കൂടുതല്‍ കണ്ടയിനറുകള്‍ കൈക്കാര്യം ചെയ്യേണ്ടിവരുമെന്ന് വിലയിരുത്തിയ അദാനി കമ്പിനി രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തികരിച്ച് എത്രയും പെട്ടെന്ന് തുറമുഖം വഴി കൂടുതല്‍ ചരക്ക് കൈമാറ്റം നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്. 10 ലക്ഷം കണ്ടെയ്‌നര്‍ കെകാര്യം ചെയ്യാനുള്ള ശേഷിയാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. 800 മീറ്റര്‍ ബെര്‍ത്ത്, 3005 മീറ്റര്‍ (കടലിനടിയില്‍) 2975 മീറ്റര്‍ കരഭാഗത്തും പുലിമുട്ട് നിര്‍മ്മിച്ചു കഴിഞ്ഞു. അടുത്ത രണ്ടു ഘട്ടത്തിനുമായി ബെര്‍ത്തിന്റെനീളം 2000 മീറ്ററും പുലിമുട്ടിന്റെ നീളം 4080 മീറ്ററുമാകും വേണ്ടി വരുക.
ഭൂഗര്‍ഭ റെയില്‍വേ ലൈന്‍
ചരക്ക് നീക്കത്തിനായി ദക്ഷിണ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഭൂഗര്‍ഭ റെയില്‍വേ ലൈനാണ് വിഴിഞ്ഞത്തേത്. വിഴിഞ്ഞത്തു നിന്നും ആരംഭിച്ച ബാലരാമപുരത്ത് വന്നു ചേരുന്ന ഭൂഗര്‍ഭ ലൈനിന്റെ അന്തിമാനുമതി ഉത്തരവ് ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി വിലയിരുത്തിയ പാരിസ്ഥികാനുമതി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചാല്‍, അവര്‍ അതില്‍ ഉടന്‍ തീരുമാനം എടുക്കും. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ നിര്‍മ്മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്നതാണ് ഭൂഗര്‍ഭ റെയില്‍ പാത.1,402 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ്. 9.5 കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെ പാത കടന്നു പോകുന്നത്. ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെതേഡ് എന്ന സാങ്കേതികവിദ്യയാവും കൊങ്കണ്‍ റെയില്‍വേ പാതയ്ക്കായി ഉപയോഗിക്കുക. 42 മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.