Kerala

പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച ; മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും

സ്പെഷ്യല്‍ ആംഡ് പോലീസ്, കെഎപി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച (മെയ് 28) തിരുവനന്തപുരത്ത് പേരൂര്‍ക്കട സ്പെഷ്യല്‍ ആംഡ് പോലീസ് ഗ്രൗണ്ടില്‍ നടക്കും.
രാവിലെ 7.30ന് ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഒൻപതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനാംഗങ്ങള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. ശാരീരികക്ഷമത പരിശീലനം, ആയുധപരിശീലനം എന്നിവ കൂടാതെ യോഗ, കരാട്ടെ, നീന്തല്‍ എന്നിവയിലും വിവിഐപി സെക്യൂരിറ്റി, സോഷ്യല്‍ മീഡിയ, സൈബര്‍ ക്രൈം എന്നിവയിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചും ഇവര്‍ക്ക് പരിശീലനം നല്‍കി. പാസിംഗ് ഔട്ട് പരേഡിന്‍റെ തത്സമയ സംപ്രേഷണം കേരള പോലീസിന്‍റെയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെയും ഫേസ്ബുക് പേജില്‍ രാവിലെ 7.30 മുതല്‍ കാണാം.