India

റമാല്‍ ചുഴലിക്കാറ്റ്; തീവ്രത കുറഞ്ഞെങ്കിലും വ്യാപക നാശനഷ്ടം

പശ്ചിമ ബംഗാളില്‍ ആഞ്ഞുവീശിയ റെമാല്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയില്‍ നിരവധി മരങ്ങള്‍ കടപുഴകി, വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു, വീടുകള്‍ക്കും, കടകളകള്‍ക്കും നാശനഷ്ടം സംഭവിച്ചു. നിരവധി സ്ഥലങ്ങളില്‍ റോഡ വഴിയുള്ള ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി, കൊല്‍ക്കത്ത നഗരത്തില്‍ ഗതാഗതം താറുമാറായി. ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ മാത്രം 144 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ മതില്‍ തകര്‍ന്ന് മുഹമ്മദ് സാജിബ് (51) മരിച്ചത്. നഗരത്തിലെ എന്റാലി ഏരിയയിലെ ബിബിര്‍ ബഗാനില്‍ സിമന്റ് മതില്‍ തലയില്‍ വീണാണ് സാജിബ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലയിടത്തും ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. അതിനിടെ, കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പുനരാരംഭിച്ചു. എന്നാല്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതിലേക്ക് എത്താന്‍ രണ്ടു ദിവസം പിടിയ്ക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

മെട്രോ സര്‍വീസുകളേയും പ്രകൃതിക്ഷോഭം ബാധിച്ചിട്ടുണ്ട്. പാര്‍ക്ക് സ്ട്രീറ്റിനും എസ്പ്ലനേഡ് സ്റ്റേഷനുകള്‍ക്കുമിടയിലുള്ള ട്രാക്കുകളില്‍ വെള്ളക്കെട്ട് കാരണം, രാവിലെ 7.51 മുതല്‍ ദക്ഷിണേശ്വരിനും ഗിരീഷ് പാര്‍ക്കിനും കവി സുഭാഷ്, മഹാനായക് ഉത്തം കുമാര്‍ സ്റ്റേഷനുകള്‍ക്കുമിടയിലെ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. മുനിസിപ്പല്‍ അധികൃതരും ദുരന്തനിവാരണ സംഘങ്ങളും കാറ്റിനെ തുടര്‍ന്ന് പലടത്തും വീണ കട്ടൗട്ടുകളും കടപുഴകി വീണ മരങ്ങളും നീക്കം ചെയ്തുകൊണ്ട് നഗരത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുര്‍ഷിദാബാദ്, നാദിയ എന്നീ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിലും ഏഴ് മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്‍ക്കത്ത ഉള്‍പ്പടെ എട്ട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവചനമനുസരിച്ച്, റെമാല്‍ ചുഴലിക്കാറ്റ് ക്രമേണ വടക്കുകിഴക്ക് മേഖലയിലേക്ക് നീങ്ങുന്നതിനാല്‍ മഴ കുറയും. എന്നിരുന്നാലും, തെക്കന്‍ ബംഗാള്‍ തീരത്ത് തിങ്കളാഴ്ചയും കൊടുങ്കാറ്റ് വീശുന്നുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ യാതൊരു കാരണവശാലും ബംഗാള്‍ ഉല്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാനത്ത് നിര്‍ദേശമുണ്ട്. മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും. ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.