ഡൽഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിലെ പ്രതിയും അരവിന്ദ് കെജ്രിവാളിന്റെ മുൻ പിഎയുമായ ബിഭവ് കുമാറിന് തിരിച്ചടി. ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിഭവ് പ്രകോപനങ്ങളില്ലാതെയാണ് മർദ്ദിച്ചതെന്നും കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്നും സ്വാതി ഡൽഹി തീസ് ഹസാർ കോടതിയിൽ പറഞ്ഞു.
നേരത്തെ പ്രതി വിഭവ് കുമാറിന്റെ അഭിഭാഷകൻ വാദങ്ങൾ അവതരിപ്പിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. പ്രതിഭാഗം വാദത്തിനിടെ സ്വാതി മാലിവാൾ പൊട്ടിക്കരഞ്ഞു. അതിക്രമം നടന്നതായി പറയുന്ന സമയത്ത് ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിലില്ല എന്നായിരുന്നു പ്രതിഭാഗത്തിൻറെ പ്രധാനവാദം.
സ്വാതിയുടെ ശരീരത്തിലെ പരിക്കുകൾ ഗുരുതരമല്ലെന്നും അവ സ്വാതി സ്വയം ഉണ്ടാക്കിയതാവാമെന്നും പ്രതിഭാഗം അഭിഭാഷൻ എൻ ഹരിഹരൻ വാദിച്ചു. ഇതിനുപിന്നാലെയാണ് സ്വാതി പൊട്ടിക്കരഞ്ഞത്.
ആരോപണം സ്വാതിയെ അപമാനിക്കാൻ ഉദ്ധേശിച്ചല്ലെന്ന് അഭിഭാഷകൻ പറഞ്ഞു. ജാമ്യം മാത്രമാണ് തേടുന്നതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ബിഭവ് കുമാർ കോടതിയെ അറിയിച്ചു. വിസ്താരം നടന്നുകൊണ്ടിരിക്കെ കോടതി മുറിക്കുള്ളിൽ ഒരു വനിതാ കോൺസ്റ്റബിൾ ബോധംകെട്ടു വീണു. തുടർന്ന് വിസ്താരം അൽപ്പനേരം നിർത്തിവയ്‌ക്കേണ്ടിവരികയും ചെയ്തിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പി എ ബിഭവ് കുമാർ ആക്രമിച്ചന്ന പരാതിയിൽ കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ബിഭവവിനെ അറസ്റ്റ് ചെയ്തത്. നാലുദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാിച്ചതോടെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.