ബംഗളൂരു: പീഡനക്കേസിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ കീഴടങ്ങുന്നു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയാണ് തീരുമാനം. ജർമ്മനിയിൽ ഒളിവിൽ കഴിയുന്ന പ്രജ്വല്‍ മേയ് 31ന് ബംഗളൂരുവിൽ കീഴടങ്ങുമെന്നാണ് സൂചന.
പ്രജ്വല്‍ രേവണ്ണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. കേസുമായി സഹകരിക്കും, തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, ഇത് എനിക്കെതിരായ കള്ളക്കേസാണ്, നിയമത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ പറഞ്ഞു. താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മേയ് 31ന് രാവിലെ പത്തിന് എസ്ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വൽ വ്യക്തമാക്കി.
ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെ ഏപ്രില്‍ 26നാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷ ഇല്ലാതാകുമെന്ന സാഹചര്യം വന്നതോടെയാണ് പ്രജ്വല്‍ രേവണ്ണ കീഴടങ്ങാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നത്. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു. മന്ത്രാലയം ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയും പ്രജ്വലിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
1967-ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരമാണ് എം.ഇ.എ. നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടാല്‍ പിന്നെ പ്രജ്ജ്വലിന് വിദേശത്ത് തുടരുന്നത് പ്രയാസമാകും. പാസ്‌പോര്‍ട്ടില്ലാതെ തങ്ങുന്നതിന് പ്രജ്ജ്വലിന് അയാള്‍ ഏതു രാജ്യത്താണോ ഉള്ളത് ആ രാജ്യത്തെ നിയമ നടപടികൾ നേരിടേണ്ടിവരും.
ലൈംഗികാരോപണത്തിൽപ്പെട്ടതിന് പിന്നാലെ രാജ്യംവിട്ട ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്ക് മുന്നറിയിപ്പുമായി മുത്തച്ഛനും ജനതാദൾ (സെക്കുലർ) തലവനുമായ എച്ച്.ഡി ദേവഗൗഡ കത്തെഴുതിയിരുന്നു.എത്രയും പെട്ടെന്ന് നാട്ടിലെത്തി നിയമനടപടി നേരിടാൻ അദ്ദേഹം പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടു. ലൈംഗികാതിക്രമ കേസിലെ പ്രതിയായ ചെറുമകൻ പ്രജ്വൽ രേവണ്ണക്ക് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കിയത് എച്ച്.ഡി ദേവഗൗഡ തന്നെയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു.