തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ സംഘര്‍ഷത്തില്‍ നാല് നേതാക്കള്‍ക്ക് സസ്പെന്ഷന്. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ അമീന് അഷ്റഫ്, ജില്ലാ സെക്രട്ടറി ജെറിന് ആര്യനാട് എന്നിവര്‍ക്കെതിരെയാണ് നടപടി. കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ക്യാമ്പിലെ ശാന്തമായ അന്തരീക്ഷം തകര്‍ത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനാണ് അല്‍ അമീന് അഷ്റഫിനെയും ജെറിന് ആര്യനാടിനെയും സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങളും വാര്‍ത്തയും ചോര്‍ത്തിക്കൊടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് രണ്ട് പേര്‍ക്കെതിരേ നടപടിയെടുത്തത്.
കെഎസ്‌യു ക്യാമ്പിൽ ഭൂരിഭാഗം പേരും എത്തിയത് മദ്യപിച്ചാണെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരത്തെ പ്രശ്‌നങ്ങളാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. മർദ്ദനമേറ്റയാളെയും സസ്‌പെൻഡ് ചെയ്തുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ പറഞ്ഞു. വൈരാഗ്യത്തിന് കാരണം കെ സുധാകരനൊപ്പം നിന്നതിനെന്ന് അനന്തകൃഷ്ണൻ പറഞ്ഞു. നടപടിക്ക് മുമ്പ് വിശദീകരണം പോലും ചോദിച്ചില്ല. നടപടി ഗ്രൂപ്പ് വൈരാഗ്യത്തിന്റെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയിട്ടില്ല. കെപിസിസി അധ്യക്ഷനെതിരായ വിമർശനം താൻ ചോദ്യം ചെയ്‌തു. അലോഷ്യസ് സേവ്യറിന്റെ അറിവോടെ കെ സുധാകരനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് പക തീർക്കുകയാണെന്ന് അനന്ത കൃഷ്ണൻ ആരോപിച്ചു.
സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യു ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ അച്ചടക്ക നടപടി.
നെയ്യാര്‍ ഡാമില്‍ നടന്ന മേഖലാ ക്യാമ്പിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം. ശനിയാഴ്ച്ച രാത്രിയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്.ഇടുക്കിയില്‍ നടന്ന കെഎസ്‌യു നേതൃക്യാമ്പില്‍ കെപിസിസി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. ക്യാമ്പ് തുടങ്ങിയദിവസം മുതല്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലര്‍ ആരോപിച്ചു.