മയക്കുമരുന്ന് ഉപയോഗിച്ച് ദിവസങ്ങള്‍ പിന്നിട്ടാലും മനുഷ്യ ശരീരത്തിൽ നിന്നും ഉപയോഗം മനസിലാക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി ഹൈദരാബാദ് പൊലീസ്. ഇസ്രയേലി സാങ്കേതികവിദ്യയിലുള്ള ഈ നൂതന പരിശോധനാ സംവിധാനത്തിന് 60 മുതൽ 80 ലക്ഷം വരെ മുതൽമുടക്കാവും. ഒരാൾ 72 മണിക്കൂര്‍ മുന്നേയാണ് മയക്കു മരുന്ന് ഉപയോഗിച്ചതെങ്കിലും അയാളുടെ സാംപിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാൽ വേഗത്തിലും കൃത്യതമായും മയക്കു മരുന്നിൻ്റെ ഉപയോഗം അറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത് എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കമ്പ്യൂട്ടര്‍ പ്രിന്‍ററിന്‍റെ അത്ര വലിപ്പമുള്ള ഈ മെഷീന്‍ ഉപയോഗിക്കുന്നതിലൂടെ രക്തസാംപിൾ മൂത്രം ഉമിനീർ മയക്കുമരുന്ന് സാംപിൾ എന്നിവ പരിശോധിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നഗരത്തിൽ കൂടി വരുന്ന മയക്കുമരുന്ന് കേസുകളുടെ അന്വേഷണം ഊര്‍ജിതമാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഹൈദരാബാദ് പൊലീസിന്‍റെ പ്രതീക്ഷ. ഈ മെഷീനില്‍ നിന്നുള്ള റിസൾട്ട് ഇസ്രയേൽ അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ അംഗീകരിച്ചതാണ്. ഇന്ത്യയിൽ ഇത് നടപ്പിലായാൽ മയക്കുമരുന്ന് കേസുകളില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവും എന്ന് ഹൈദരാബാദ് ക്ലൂസ് ടീം തലവന്‍ ഡോ. വെങ്കണ്ണ ദി ഹിന്ദുവിനോട് പ്രതികരിച്ചു. മയക്കുമരുന്ന് കേസുകളില്‍ കൃത്യമായ സാംപിള്‍ ശേഖരിക്കേണ്ടതും ഏത് മയക്കുമരുന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കൃത്യമായി കണ്ടെത്തേണ്ടതും പ്രധാനമാണ്.
മയക്കു മരുന്ന് പ്രതിയുടെ മൂത്രസാംപിള്‍ പരിശോധിച്ച് മയക്കുമരുന്നിൻ്റെ ഉപയോഗം കണ്ടെത്താൻ 12 പാനല്‍ ഡ്രഗ് കിറ്റാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഈ പരിശോധനാ രീതിയിൽ 24 മണിക്കൂറിന് ശേഷം കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. ഇത് വലിയ രീതിയിൽ മയക്കു മരുന്ന് കേസുകളുടെ അന്വേഷണത്തെ ബാധിച്ചിരുന്നു ഇത് തന്നെയാണ് പുതിയ പരിശോധന സംവിധാനത്തിലേക്ക് മാറാൻ ഹൈദരാബാദ് പൊലീസിനെ പ്രേരിപ്പിച്ചതും. മെറ്റബോലൈറ്റ് ടെസ്റ്റാണ് ഇസ്രയേലി സാങ്കേതികവിദ്യയിലുള്ള പരിശോധന സംവിധാനം വഴി നടത്തുന്നത് എന്നതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ച് 72 മണിക്കൂര്‍ ആയാലും കൃത്യമായ ഫലം ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
രാജ്യത്ത് മയക്കുമരുന്ന് ഉപയോഗ കേസുകള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹൈദരാബാദ് പൊലീസിന്‍റെ ടെക്നോളജിയെ കൂട്ടുപിടിച്ചുള്ള നിര്‍ണായക നീക്കം. 2024ന്‍റെ തുടക്കത്തിൽ തന്നെ തെലങ്കാന ആന്‍ഡി നര്‍ക്കോട്ടിക്‌സ് ബ്യൂറോ 487 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ 981 പേരെ പ്രതികളായി കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുമുണ്ട് . എന്നാൽ ഇതിലും പതിന്മടങ്ങ് കേസുകൾ തെളിവിൻ്റെ അഭാവത്തിൽ തള്ളി പോകാറുമുണ്ട്. പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ ഇതിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് ഹൈദരബാദ് പോലീസിൻ്റെ പ്രതീക്ഷ. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സഹായം പൊലീസിന് വേണ്ടിവരുമെങ്കിലും കാലക്രമേണ ഇത് ദിവസേനയുള്ള ജോലിയുടെ ഭാഗമായേക്കും.