ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ എളമരം കരീം, സി.പി.ഐയുടെ ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂണ്‍ 25-നാണ് വോട്ടെടുപ്പ്.
രാജ്യസഭാ സീറ്റുകളിലേക്കുള്ള അവകാശ വാദം മുന്നണികൾക്കിടയിൽ നേരത്തെ ചർച്ചയായിരുന്നു. എൽഡിഎഫിൽ സിപിഐയും, കേരള കോൺഗ്രസ് (എം) ഉം അവകാശ വാദമുന്നയിച്ചുരുന്നു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോൺഗ്രസിന്റെ (എം) തീരുമാനം. സിപിഐയുടെ സീറ്റ് സിപിഐക്കു തന്നെയെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നിലപാടെടുത്തു. ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ.
രാജ്യസഭാ സീറ്റിന് എംഎൽഎമാരുടെ അംഗബലമാണു സാധാരണ മാനദണ്ഡമാക്കുന്നത്. 17 എംഎൽഎമാരുള്ള സിപിഐക്ക് അങ്ങനെ നോക്കുമ്പോൾ മേൽക്കൈയുണ്ട്. 2 രാജ്യസഭാംഗങ്ങളെ ലഭിക്കാനുള്ള കരുത്ത് അവർക്ക് അവകാശപ്പെടാം. കേരള കോൺഗ്രസിന് (എം) ഉള്ളത് 5 എംഎൽഎമാരാണ്. എന്നാൽ സിപിഐക്ക് പി.സന്തോഷ് കുമാർ കൂടി രാജ്യസഭാംഗമായുണ്ട്. ജോസ് കെ.മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും.
ജൂലായ് ഒന്നിനാണ് മൂന്നുപേരുടേയും കാലാവധി അവസാനിക്കുന്നത്. ജൂണ്‍ ആറിന് വിജ്ഞാപനം പുറത്തിറങ്ങും. ജൂൺ 13 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 14-ന് സൂക്ഷ്മ പരിശോധന, 18-ന് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. ജൂണ്‍ 25-ന് രാവിലെ ഒമ്പതുമുതല്‍ നാലുവരെയാണ് പോളിങ്. അന്നുതന്നെ അഞ്ചുമണിക്ക് വോട്ടെണ്ണല്‍.
അതേസമയം ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെട്ട ലീഗിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതിനാൽ യുഡിഎഫിന് അത് നൽകേണ്ടി വന്നേക്കാം.