India

ജൂൺ ഒന്നിലെ ഇന്ത്യ സഖ്യയോഗം: ഡൽഹി വരെ പോകാൻ ബുദ്ധിമുട്ടുണ്ട്, പ​ങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ജൂൺ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. മുതിർന്ന പാർട്ടി നേതാവാണ് ഇക്കാര്യം അറിയിച്ചത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി തൃണമൂല്‍ വിട്ടുനിന്നേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂണ്‍ ഒന്നിന് ഇന്ത്യ സഖ്യകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്തെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

“ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഞങ്ങളെ സംബന്ധിച്ച് അതിപ്രധാനമാണ്. സംസ്ഥാനത്തെ ഒമ്പത് ലോക്സഭ സീറ്റുകളിലേക്കാണ് ഏഴാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കൊൽക്കത്തയിലെയും ഗ്രേറ്റർ കൊൽക്കത്തയി​ലെയും മണ്ഡലങ്ങളിലെ വോട്ടെടുപ്പ് അന്നേ ദിവസം നടക്കും.

ടി.എം.സിയെ സംബന്ധിച്ച് വലിയ ദിനമാണത്. കൂടാതെ യു.പിയിലും ബിഹാറിലും പഞ്ചാബിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തി​ൽ ഡൽഹിയിലേക്ക് പോകുന്നത് പ്രായോഗികമല്ല.”-എന്നാണ് പാർട്ടി നേതാവ് അറിയിച്ചത്.

ജൂണ്‍ ഒന്നിന് ബംഗാളില്‍ ഒമ്പത് മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്നുണ്ട്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് അവസാനഘട്ടത്തിലാണ് വോട്ട്.

കഴിഞ്ഞവർഷം ജൂൺ 23ന് ബിഹാറിലെ പട്നയിലാണ് ആദ്യമായി ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ ഒത്തുകൂടിയത്. രണ്ടാംഘട്ട സമ്മേളനം ജൂലൈ 17, 18 തീയതികളിൽ ബംഗളൂരുവിലും മൂന്നാംഘട്ടം ആഗസ്റ്റ് 31നും നടന്നു. ഈ സമ്മേളനത്തിലാണ് ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ ഒന്നിച്ച് തെരഞ്ഞെടുപ്പ് നേരിടുന്നതിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. നാലാംഘട്ട സമ്മേളനം ഡിസംബർ 19ന് ഡൽഹിയിൽ നടന്നു. അതിനു ശേഷം ഈ വർഷം മാർച്ച് 31ന് നേതാക്കൾ വീണ്ടും ഡൽഹിയിൽ ഒന്നിച്ചു. 28 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് ഇൻഡ്യ സഖ്യം രൂപവത്കരിച്ചത്. പിന്നീട് നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡ് സഖ്യം വിട്ടു.