പൃഥ്വിരാജ്-ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ കോമഡിയുടെ പശ്ചാത്തലത്തിൽ ഇറങ്ങിയ ചിത്രം ഗുരുവായൂരമ്പല നടയിൽ ഹൗസ് ഫുള്ളായി മുന്നേറുകയാണ്. വിപിൻ ദാസായിരുന്നു ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചത്. ഇറങ്ങിയപ്പോൾ തന്നെ സൂപ്പർ ഹിറ്റാകുമെന്ന് പ്രേക്ഷകർ വിധിയെഴുതിയ ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ട് പുറത്തായിരിക്കുകയാണ്. ചിത്രത്തിന് കേരളത്തില്‍ നിന്ന് മാത്രമായി 34.80 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്.
കേരളത്തിൽ നിന്ന് ആദ്യ ദിനം മാത്രമായി 3.8 കോടി സിനിമ നേടിയിരുന്നു. പൃഥ്വിരാജിന്റെ ആക്റ്റിംഗ് കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് കൂടിയാണിത്. ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ നേടിയ ചിത്രം. 16 കോടിയിലധികം രൂപയായിരുന്നു ആടുജീവിതം ആദ്യ ദിനത്തിൽ നേടിയത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും , സി വി സാരഥിയും ചേര്‍ന്നാണ് ഗുരുവായൂര്‍ അമ്പലനടയില്‍ നിര്‍മ്മിച്ചത്.
ഒരു കല്യാണം നടക്കാനായും മുടക്കാനായും നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സിനിമ തുടക്കം മുതൽ ഒടുക്കം വരെ തമാശകൾ നിറഞ്ഞ ഒരു പക്കാ ഫാമിലി എന്റർട്രെയ്നറാണ്. അജു വർഗീസ് ചിത്രത്തിനായി പാടിയ കൃഷ്ണാ കൃഷ്ണാ എന്ന ഗാനവും സൂപ്പർ ഹിറ്റാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ചിത്രത്തിന്റെ സൗണ്ട് ഡിസൈനയിങ് എന്നിവ നിർവ്വഹിച്ചു.