History

പട്ടാളം കയറിയ ജുമാമസ്ജിദ് ഇവിടെ ഉണ്ട്: മത സൗഹാർദ്ദ ജംഗ്ഷൻ സൈനിക പാളയം ആയിരുന്നോ?

എണ്ണമറ്റ വിശ്വാസികളുടെ സംഗമത്തിന് സാക്ഷ്യം വഹിക്കുന്ന മുസ്‌ലിം പള്ളി

കേരളത്തിന്റെ മതസൗഹാർദ്ദ പെരുമ ലോകത്തോട് വിളിച്ചു പറയുന്ന അടയാളങ്ങളിൽ ഒന്നാണ് പാളയം ജുമാ മസ്ജിദ്. പാളയത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട മുസ്‌ലിം പളളി, അല്ല കേരളത്തിലെ തന്നെ അതിപ്രധാന മുസ്ലിം പള്ളികളിൽ ഒന്ന്. എണ്ണമറ്റ വിശ്വാസികളുടെ സംഗമത്തിന് സാക്ഷ്യം വഹിക്കുന്ന ഈ മുസ്‌ലിം പള്ളിക്ക് കൂട്ടായി ക്ഷേത്രവും ക്രിസ്ത്യൻ പള്ളിയും കാണാം. മതത്തിൻറെ പേരിൽ രാജ്യത്ത് അങ്ങോളമിങ്ങോളം ചോര ചിന്തുമ്പോൾ പാളയത്ത് ഉയർന്നു നിൽപ്പുണ്ട് നമ്മുടെ കേരള സ്റ്റോറി!

പാളയത്തെ പട്ടാളക്കാർ 

തിരുവിതാംകൂറിൽ മുസ്ലീങ്ങൾ എത്തിയത് പല വഴികളിലൂടെയാണ്. ഇതിൽ ഉത്തരേന്ത്യയിൽ നിന്നും മുസ്ലിം പട്ടാളക്കാർ ഈ നാട്ടു രാജ്യത്തിലേക്ക് എത്തിയത് തിരുവിതാംകൂർ ഭരണാധികാരികളുടെ ക്ഷണപ്രകാരം ആയിരുന്നു. അയൽ രാജ്യക്കാരെ യുദ്ധത്തിൽ എങ്ങനെയെങ്കിലും തോൽപ്പിക്കണം എന്ന് ഉദ്ദേശത്തോടെ തിരുവിതാംകൂർ രാജാക്കന്മാർ സഹായം തേടിയത് പട്ടാളക്കാരിൽ നിന്നായിരുന്നു. ഹൈദരാബാദ് നൈസാമുമായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കുണ്ടായിരുന്ന ബന്ധം ഇതിനായി അവര്‍ ഉപയോഗിച്ചു.

തിരുവിതാംകൂറിൽ എത്തിച്ചേർന്ന ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ ധാരാളം മുസ്ലിങ്ങൾ ഉണ്ടായിരുന്നു. 1800-കളില്‍ തിരുവിതാംകൂറില്‍ ഇവരുടെ പട്ടാളക്യാമ്പ് സ്ഥാപിക്കപ്പെട്ട സ്ഥലമാണ് ഇന്ന് മുസ്ലിം പള്ളിയും സ്റ്റേഡിയവും ഉള്‍പ്പെടുന്ന പ്രദേശം. അവിടെ പട്ടാളത്തിലെ മുസ്‌ലിം-ക്രിസ്ത്യന്‍-ഹിന്ദു മതവിഭാഗങ്ങള്‍ക്കുവേണ്ടി ആരാധനാലയങ്ങള്‍ നിര്‍മിക്കപ്പെടുകയുണ്ടായി. അങ്ങനെയാണ് പാളയത്തെ ക്ഷേത്രവും ചര്‍ച്ചും മുസ്‌ലിം പള്ളിയും സ്ഥാപിതമാകുന്നത്.

ഒരേ മതിൽ പങ്കിടുന്ന പാളയം മുസ്ലിം പള്ളിയും ഗണപതി അമ്പലവും തൊട്ടടുത്തായുള്ള ക്രിസ്ത്യൻ പള്ളിയും പാളയത്ത് ആദ്യമായി എത്തുന്ന ആരുടെയും ശ്രദ്ധ ആകർഷിക്കും.

ചരിത്രം

ക്രി. 1813-ല്‍ രണ്ടാം റെജിമെന്റിലെ മുസ്‌ലിം ഓഫീസര്‍മാരും ഭടന്മാരും ചേര്‍ന്ന് ചെറിയൊരു മുസ്ലിം പള്ളിയും അനുബന്ധമായി ഈദ്ഗാഹും സ്ഥാപിച്ചതാണ് തുടക്കം. 1824-ല്‍ ആറാം റെജിമെന്റിലെ മുസ്‌ലിം സൈനികോദ്യോഗസ്ഥര്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം വിലയ്ക്കു വാങ്ങുകയും നമസ്‌കാരത്തിനും മറ്റും നേതൃത്വം നല്‍കാനായി ഒരു ഖാദിയെ നിയമിക്കുകയും ചെയ്തു. 1849-ല്‍ 16-ാം റെജിമെന്റിലെ ഓഫീസര്‍മാര്‍ പള്ളിയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. അവര്‍ ഇന്തോ-സാരസന്‍ മാതൃകയില്‍ കമാനങ്ങളോടു കൂടിയ ഒരു ഗേറ്റ് പണിതു. പള്ളിയുടെ സുഗമമായ നടത്തിപ്പിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 1898-ല്‍ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയും ധര്‍മിഷ്ഠനുമായിരുന്ന ഹാജി യൂനുസ് സേട്ട് പള്ളി പൊളിച്ച് പണിതു. ആ കെട്ടിടം അമ്പത് വര്‍ഷത്തിലേറെ നിലനില്‍ക്കുകയുണ്ടായി.

1960 കളില്‍ നടന്ന നവീകരണ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഫലമായാണ് പാളയം ജുമാ മസ്ജിദ് ഇന്ന് കാണുന്ന രൂപത്തിലാകുന്നത്. പാളയം ജുമാ മസ്ജിദിനെ ഇന്ന് കാണുന്ന നിലയിൽ ആക്കിയതിന് തിരുവനന്തപുരത്തെ സംബന്ധമായ വ്യവസായികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്ക് പ്രശംസനീയമാണ്. 1960കളിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് അതിൽ നിർണായകമായത്. ഇമാം മൗലവി ഷെയ്ഖ് അബുൽ ഹസ്സൻ അലി നൂരിയുടെയും ഖാസിയുടെയും മേൽനോട്ടത്തിലാണ് ഇത് അവതരിപ്പിച്ചത്. 1967-ൽ ഇന്ത്യൻ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനുമായ ഷെയ്ഖ് അബുൽ ഹസൻ അലി നൂരി 1959 മുതൽ 1979 വരെ സേവനം അനുഷ്ഠിച്ച പാളയം ജുമാ മസ്ജിദിലെ ആദ്യത്തെ ‘ഇമാം’ ആയിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് പള്ളിക്ക് അന്നത്തേക്കാൾ ഉയർന്ന പദവി ലഭിച്ചത്. പട്ടാളപ്പള്ളി എന്നാണ് അറിയപ്പെടുന്നത്.

പാളയം എന്ന പദത്തിന് പട്ടാളക്കാരുടെ കൂട്ടം, സൈന്യം, നഗരം, കൂടാരം, പട്ടാളം കിടക്കുന്ന ഇടം, പടവീട് എന്നൊക്കെയാണ് അര്‍ഥം. പട്ടാളക്യാമ്പിനോട് അനുബന്ധിച്ച് നിര്‍മിക്കപ്പെട്ട പള്ളി എന്ന അര്‍ഥത്തിലാണ് ‘പാളയം പള്ളി’ എന്ന പേര് വന്നത്.

ദക്ഷിണ കേരളത്തിൽ ആദ്യമായി സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച അപൂർവ്വം മുസ്ലീം ദേവാലയങ്ങളിലൊന്നാണ് ഇത്.

പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയെഅടക്കം ചെയ്തത് ഈ പള്ളിയിലാണ്. തന്റെ മൃതദേഹം കേരളത്തില്‍ സംസ്കരിക്കണമെന്നും അവസാന കാലത്ത് സ്വീകരിച്ച ഇസ്ലാംമതാചാര പ്രകാരമായിരിക്കണം സംസ്ക്കാര ചടങ്ങുകളെന്നതും കമല സുരയ്യയുടെ അന്ത്യാഭിലാഷമായിരുന്നു.

ജുമുഅ പ്രാര്‍ഥന

വെള്ളിയാഴ്ചകളില്‍ ജുമുഅ പ്രാര്‍ഥനയുള്ള പള്ളികളിലൊന്നാണിത്.

സാധാരണ ദിവസങ്ങളിൽ 

സാധാരണ ദിവസങ്ങളില്‍ ഏകദേശം 250 സ്ത്രീകളും വെള്ളിയാഴ്ചകളില്‍ ആയിരത്തോളം സ്ത്രീകളും ഇവിടെ പ്രാര്‍ഥിക്കാനെത്തുമത്രെ.

എത്തിച്ചേരാന്‍

ഇന്തോ-സാരസന്‍ മാതൃകയില്‍ 1967-ല്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ പള്ളി ‘തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റിയ മസ്ജിദ്’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. തലസ്ഥാന നഗരിയിലെ കണ്ണായ സ്ഥലത്ത് യൂനിവേഴ്‌സിറ്റി കോളേജിനും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനും വി.ജെ.ടി ഹാളിനും ചാരെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നിയമസഭാ മന്ദിരത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പബ്ലിക് ലൈബ്രറിയിലേക്കും പള്ളിയില്‍ നിന്ന് അധികം ദൂരമില്ല. തൊട്ടടുത്താണ് തിരുവനന്തപുരം ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ‘

തിരുവനന്തപുരം നഗരത്തില്‍ നിന്നും 3.7 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ പാളയംജുമാ മസ്ജിദിലേക്ക്. തിരുവനന്തപുരത്തു നിന്നും പട്ടം-പ്ലാമൂട് ജംങ്ഷന്‍ വഴിയാണ് പാളയം ജുമാ മസ്ജിദിലെത്തുന്നത്.