യുവനടിമാരിൽ ഏറെ ശ്രദ്ധേയയാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിലേ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇറങ്ങുന്ന ചിത്രങ്ങളിൽ എല്ലാം അനശ്വര ചെയ്ത കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മോഹൻലാൽ ചിത്രമായ നേരിലെ അഭിനയത്തിന് ഏറെ പ്രശംസകൾ അനശ്വര ഏറ്റുവാങ്ങിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗുവുവായൂർ അമ്പലനടയിൽ എന്ന ചിത്രമാണ് അനശ്വരയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് അനശ്വര ചെയ്തിരിക്കുന്നത്. തീയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് അനശ്വര സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“സംഭവം ഇങ്ങനെയായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ച് എന്നെ കാണാതായിട്ടുണ്ട്. ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ സെറ്റ് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ആ സംഭവം ഓർമ്മ വന്നു. എനിക്കൊരു മൂന്നു മൂന്നര വയസ്സുള്ള സമയത്ത് എന്റെ കസിന്റെ കുഞ്ഞിന്റെ ചോറൂണിന്റെ സമയത്ത് ആയിരുന്നു ആ സംഭവം.
എനിക്ക് മൊത്തത്തില് ആ സംഭവത്തെക്കുറിച്ച് ഓർമ്മ ഒന്നുമില്ല. ഞങ്ങൾ ഫാമിലി മൊത്തം ആണ് അന്ന് പോയത്. ഞാനൊന്ന് അച്ഛച്ചന്റെ കൈയും പിടിച്ച് നടക്കുവായിരുന്നു. പെട്ടെന്ന് ഒരു കളിപ്പാട്ടം കണ്ടിട്ട് ഹായ് എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞതാണ്. പിന്നെ നോക്കിയപ്പോൾ ആരെയും കാണുന്നില്ല. തിരക്കല്ലേ. ഞാൻ അവിടെ ഇരുന്നു കരച്ചിലോട് കരച്ചില്.
ആ സമയത്തെ കുറിച്ച് അമ്മ പറയുന്നത് ഇങ്ങനെയാണ് എന്നെ കാണാതെ അവര് അവിടെ എല്ലാം ഓടി നടന്നു നോക്കുകയായിരുന്നു. എല്ലാരും കുഞ്ഞിനെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞു കരച്ചിലായിരുന്നു. തിരക്കിനിടയ്ക്ക് ആരും എന്നെ മൈൻഡ് ചെയ്യുന്നില്ലായിരുന്നു.
അപ്പുറത്ത് ഭിക്ഷക്കാർ ഇരിപ്പുണ്ടായിരുന്നു. നമ്മളോടൊക്കെ ചെറുപ്പത്തിൽ പറഞ്ഞു തന്നിട്ടുണ്ടല്ലോ ഭിക്ഷക്കാർ പിള്ളേരെ പിടിച്ചോണ്ട് പോകുമെന്ന്. അവരെ കൂടെ കണ്ടപ്പോ എന്റെ കരച്ചിൽ കൂടി.
അപ്പൊ ഒരു അമ്മയും രണ്ടു മക്കളും എന്റെ അടുത്തേക്ക് വന്നു. അവർ എന്നോട് ചോദിച്ചു എന്താ മോളെ എന്തിനാ കരയുന്നത് എന്ന്. ഞാൻ പറഞ്ഞു എന്റെ അമ്മയെ കാണുന്നില്ല. അതുവരെ എനിക്ക് ഓർമ്മയുള്ളു. അതിനുശേഷം പിന്നെ അമ്മ പറഞ്ഞ കഥ ഇതാണ് എന്റെ വല്യമ്മ വന്നിട്ട് എന്നെ എടുത്തോണ്ട് പോയെന്ന്.” അനശ്വര പറയുന്നു.
അനശ്വരയുടെ ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ ആണ് കമന്റുകളുമായി എത്തുന്നത്. ഗുരുവായൂർ അമ്പലവും കൃഷ്ണനും ഒക്കെ അടിസ്ഥാനമാക്കി ചെയ്ത പൃഥ്വിരാജിന്റെ ആദ്യ സിനിമ ആയ നന്ദനത്തിൽ ബാലാമണി ആയി വേഷമിട്ട നവ്യ നായർ പറയുന്ന വൈറൽ ആയി മാറിയ “ഞാനേ കണ്ടുള്ളു, ഞാൻ മാത്രേ കണ്ടുള്ളു” എന്ന ഡയലോഗ് പറഞ്ഞുകൊണ്ട് അനശ്വരയെ രക്ഷിച്ചത് ഗുരുവായൂരിലെ കണ്ണൻ ആയിരിക്കും അല്ലേ എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്.