Sports

ഫ്രഞ്ച് ഓപ്പൺ: സ്വരേവിനോട് തോൽവി, റാഫേൽ നദാൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണിൽ ഇതിഹാസ താരം റാഫേൽ നദാലിന് ആദ്യ റൗണ്ടിൽ തോൽവി. ജർമൻ താരം അലക്‌സാണ്ടർ സ്വാരേവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റ് പുറത്തായത്. (6-3,7-6, 6-3).

ഏറെക്കാലത്തിന് ശേഷം കളിമൺകോർട്ടിലേക്ക് മടങ്ങിയെത്തിയ നദാലിന് റോളണ്ട് ​ഗാരോസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ സെറ്റ് തന്നെ 6-3 ന് നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം സെറ്റിൽ നദാൽ ശക്തമായി പൊരുതി. സ്കോർ 6-6 ആയതോടെ ടൈ ബ്രേക്കറിലേക്ക് നീങ്ങി. 7-5 ന് ടൈ ബ്രേക്കറിലും വിജയിച്ച് സ്വരേവ് രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിലും കാര്യമായ തിരിച്ചുവരവ് നടത്താൻ നദാലിനായില്ല. ആദ്യ സെറ്റിന്റെ ആവർത്തനമെന്നപോലെ 6-3 -ന് സെറ്റും മത്സരവും പരാജയപ്പെട്ടു.

ഇതാദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പരാജയപ്പെടുന്നത്. 2005-ൽ ഫ്രഞ്ച് ഓപ്പണിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള വെറും നാലാമത്തെ മാത്രം തോൽവിയാണിത്.

അതേസമയം, അവസാന ഫ്രഞ്ച് ഓപ്പണായിരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ടെന്നീസിൽ തുടരുമെന്ന് താരം വ്യക്തമാക്കി. 14-ഫ്രഞ്ച് ഓപ്പൺ കിരീടമുൾപ്പെടെ 22-​ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാൽ നേടിയത്. 2005-മുതൽ 2008 വരെയും, 2010-മുതൽ 2014-വരെയും, 2017-മുതൽ 2020-വരെയും 2022-ലും നദാൽ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടു. നാല് യു.എസ് ഓപ്പണും രണ്ട് വീതം വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളും നേടിയിട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ കാര്യമായി കളത്തിലിറങ്ങാത്ത നദാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനിറങ്ങുന്നത് അണ്‍സീഡഡ് താരമായാണ്. 2022ലെ സെമിയില്‍ ഇവിടെ സ്വരേവും നദാലും ഏറ്റുമുട്ടിയിരുന്നു. പരിക്കിനെ തുടര്‍ന്നു സ്വരേവ് പിന്‍മാറി.