പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് വീണ്ടും മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ(55) ആണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ലാത്തതോടെ ചെല്ലനെ തൃശൂരിലേക്ക് മാറ്റാൻ വൈകിയിരുന്നു. ഇന്ന് തൃശൂര്‍ മെഡി. കോളേജില്‍ വച്ചാണ് ചെല്ലന്‍റെ മരണം.
രണ്ട് ദിവസം മുൻപ് ചെല്ലനെ വനത്തിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ആദ്യം കോട്ടത്തറ ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോട്ടത്തറ ആശുപത്രിയിൽ നിന്ന് നാല് മണിക്കൂർ കഴിഞ്ഞാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അട്ടപ്പാടിയിൽ ഐസിയു ആംബുലൻസില്ലാത്തതാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത് വൈകിപ്പിച്ചത്.
കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് പരിക്കേറ്റ് മൂന്ന് മണിക്കൂറോളം ചികിത്സ വൈകിയ യുവാവ് മരിച്ചിരുന്നു. അട്ടപ്പാടി കോട്ടത്തറയിലെ ട്രൈബൽ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച ഒമ്മല സ്വദേശി ഫൈസലാണ് (25) മരിച്ചത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതുകൊണ്ടാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതെന്നാണ് വിശദീകരണം.
കോട്ടത്തറയിലെ വെന്റിലേറ്റർ സൗകര്യമുള്ള രണ്ട് ആംബുലൻസുകളും മാസങ്ങളായി കേടാണ്. ഒടുവിൽ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് കൊണ്ടുവന്ന് ഫൈസലിനെ മണ്ണാർക്കാട് വട്ടമ്പലം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ രോഗിയുമായി ബന്ധുക്കളും ആശുപത്രി അധികൃതരും മൂന്ന് മണിക്കൂറിലേറെയാണ് ആംബുലൻസിനായി കാത്തിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഒരു സംഭവം ഉണ്ടായിരിക്കുന്നത്.