തൃശ്ശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ച രാത്രി എട്ടരയോടെ ഇവിടെനിന്നു കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടിയിരുന്നു. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു.
178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇവിടെ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.