Kerala

ഭക്ഷ്യവിഷബാധ മരണം, സെയിന്‍ ഹോട്ടലിൽ ആറുമാസം മുൻപും ഭക്ഷ്യവിഷബാധ, ഹോട്ടൽ പൂട്ടിച്ചിരുന്നു

ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസോ കോഴി ഇറച്ചിയോ ആണ് എന്നാണ് സംശയം

തൃശ്ശൂര്‍ : ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീ തൃശ്ശൂര്‍ പെരിഞ്ഞനത്ത് മരിച്ചതോടെ ഭക്ഷണം വാങ്ങിയ സെയിന്‍ ഹോട്ടലിനെതിരെ ​ഗുരുതര ആരോപണവുമായി നാട്ടുകാരും ജനപ്രതിനിധികളും ​രം​ഗത്ത്. സെയിന്‍ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റിരുന്നതായി സ്ഥലം എംഎൽഎ ഇടി ടൈസൺ പറഞ്ഞു. ആറുമാസം മുൻപ് രണ്ട് പേർക്ക് ഭക്ഷ്യവിഷ ഉണ്ടായെന്നും തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി പിഴ ഈടാക്കി ഹോട്ടൽ പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചു.

‘ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസോ കോഴി ഇറച്ചിയോ ആണ് എന്നാണ് സംശയം. പരിശോധനാ ഫലം വന്നാലേ ഈ കാര്യത്തിൽ വ്യക്തത വരൂ. നിലവിൽ ആശുപത്രിയിലുള്ളവരുടെ ആരോ​ഗ്യസ്ഥിതി ​​ഗുരുതരമല്ല. ഏകദേശം 30 കിലോ അരിയുടെ കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയുണ്ടായ ദിവസം ഹോട്ടലിൽ പാകം ചെയ്തത്’, എംഎൽഎ വ്യക്തമാക്കി.

സെയിന്‍ ഹോട്ടലിൽ കഴിഞ്ഞദിവസമുണ്ടായ ഭക്ഷ്യവിഷബാധയിൽ 178 പേരാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാര്‍ വീട്ടില്‍ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ചൊവ്വാഴ്ച മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ വീട്ടില്‍ വെച്ച് കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴും നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ തിങ്കളാഴ്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.