തടി കുറയ്ക്കാനുള്ള ശ്രമത്തിൽ പലരും സകല ഡയറ്റുകളും പരീക്ഷിക്കും. കുടവയറിൽ എണ്ണ തേയ്ക്കും, വയറുകുറയ്ക്കുന്ന ബെൽറ്റിടും, സ്വന്തമായി വ്യായാമങ്ങളെല്ലാം ചെയ്യും. ഒടുക്കം തടി കുറയുകയുമില്ല, അസുഖം വന്ന് ആരോഗ്യം തകരുകയും ചെയ്യും. ഇത്തരക്കാരുടെ എണ്ണം വല്ലാതെ കൂടുന്നുണ്ട്. അശാസ്ത്രീയമായി തടി കുറയ്ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തടി കുറയ്ക്കുന്നതിന് ചില മുന്നൊരുക്കങ്ങൾ വേണം. കാത്തിരിക്കാനുള്ള ക്ഷമയും ദൃഢനിശ്ചയവും കൂടിയേതീരൂ.
തടി കുറയ്ക്കും മുൻപ്
അമിതഭാരം കുറയ്ക്കാൻ രണ്ടു കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഒന്ന് ആഹാരനിയന്ത്രണം മറ്റൊന്ന് വ്യായാമം. വിഷാദം, ഉറക്കക്കുറവ്, തൈറോയ്ഡ് നിലയിലെ അപാകങ്ങൾ എന്നീ പ്രശ്നങ്ങൾ ഉള്ളവരിലും അമിതവണ്ണം കാണാറുണ്ട്. ഇക്കൂട്ടർ അതിനുള്ള ചികിത്സ തേടണം. തുടർന്നുവേണം വ്യായാമവും ഡയറ്റും ആരംഭിക്കാൻ.
കൊഴുപ്പാണ് കുറയേണ്ടത്
തടി കുറയ്ക്കുക എന്നാൽ കൊഴുപ്പു കുറയ്ക്കുക എന്നാണ് അർഥം. കൊഴുപ്പ് അത്ര മോശമായ ഒന്നല്ല. പുരുഷൻമാർക്ക് ആകെ ഭാരത്തിന്റെ 20 കിലോയും (100 കിലോ ഭാരമുണ്ടെങ്കിൽ 20 കിലോ കൊഴുപ്പ്) സ്ത്രീകൾക്ക് 24 കിലോയും കൊഴുപ്പ് അനുവദനീയമാണ്. ഇതിലധികമുള്ള കൊഴുപ്പിനെ സൂക്ഷിക്കണം. അതേപോലെ പുരുഷൻമാരിൽ അരവണ്ണം 102 സെന്റീമീറ്ററിൽ കൂടുന്നതും സ്ത്രീകളിൽ 88 സെന്റീമീറ്ററിൽ കൂടുന്നതും അനാരോഗ്യകരമാണ്.
ഡയറ്റിങ് എങ്ങിനെ?
അമിതഭാരം കുറയ്ക്കാനായി പലതരം ഡയറ്റുകൾ ഇന്നുണ്ട്. കൃത്യമായ ധാരണയില്ലാതെ ഇവയെല്ലാം പരീക്ഷിച്ച് പലരും വെട്ടിലാകാറുമുണ്ട്. ഉയരം, പ്രായം, ഭാരം, ജോലിയുടെ സ്വഭാവം എന്നിവ കണക്കിലെടുത്തുവേണം ഡയറ്റിങ് തുടങ്ങാൻ. ഹൃദ്രോഗം, കരൾ-വൃക്ക രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഡയറ്റിങ് ചെയ്യാവൂ.
ഡയറ്റ് പ്ലാനുകൾ
തിരഞ്ഞെടുക്കുന്ന ഡയറ്റ്പ്ലാനിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.ഡയറ്റിങ് ആരംഭിച്ചാൽ ചെറിയ ക്ഷീണം കണ്ടേക്കാം. എന്നാൽ കഠിനമായ ക്ഷീണം, തലവേദന, മറ്റ് പ്രശ്നങ്ങൾ എന്നിവ കണ്ടാൽ വിദഗ്ധചികിത്സ തേടണം.
വ്യായാമം ചെയ്യുമ്പോൾ
തടി കുറയ്ക്കാൻവേണ്ടി അമിതമായി വ്യായാമം ചെയ്ത് അപകടത്തിലാകുന്നവരും കുറവല്ല. ഓരോരുത്തർക്കും അനുയോജ്യമായ വ്യായാമരീതികളുണ്ട്. പരിശീലനം സിദ്ധിച്ച ട്രെയിനറുടെ സഹായമുണ്ടെങ്കിൽ അവ എളുപ്പം കണ്ടെത്താം. ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് (ശ്വസനസഹായ) വ്യായാമങ്ങളാണ് ഭാരം കുറയ്ക്കാൻ നല്ലത്. ഇവ ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
എത്ര കിലോ കുറയ്ക്കാം?
ദിവസങ്ങൾ കൊണ്ട് കുടവയറ് ശരിയാക്കാം, ഒരാഴ്ചകൊണ്ട് അഞ്ചുകിലോ കുറയ്ക്കാം തുടങ്ങിയ മോഹനവാഗ്ദാനങ്ങൾ കണ്ടാണ് പലരും തടികുറയ്ക്കാൻ ഒരുങ്ങാറുള്ളത്. ഇങ്ങനെ തടി കുറയ്ക്കുന്നത് അപകടമാണ്.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരും നോൺ വെജ് പൂർണമായി ഒഴിവാക്കുന്നത് കാണാറുണ്ട്. എന്നാൽ നോൺവെജും കൊഴുപ്പുമായി വലിയ ബന്ധമില്ല. കൊഴുപ്പ് കുറയ്ക്കാൻ വേണ്ടത് അന്നജം അടങ്ങിയ ആഹാരം നിയന്ത്രിക്കുകയാണ്. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ഭാരം കുറയ്ക്കുന്നത് ആരോഗ്യകരമല്ല. ഒരു മാസം കൊണ്ട് പരമാവധി 4-5 കിലോ വരെ ഭാരം കുറയ്ക്കാം. ഇതാണ് ശാസ്ത്രീയമായ രീതി.
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
- വ്യായാമത്തിന് മുൻപ് വാംഅപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാം അപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
- മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം.