തേങ്ങ, അവൽ, ശർക്കര എന്നിവ ചേർത്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണ് ഗോതമ്പ് അട. അട എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു നാല് മണി പലഹാരമാണ് ഗോതമ്പ് അട. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഗോതമ്പുപൊടി – 3 ഗ്ലാസ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- ഫില്ലിങിന് ആവശ്യമായ ചേരുവകൾ
- തേങ്ങ തിരുമ്മിയത് – 1 കപ്പ്
- അവൽ – 1 കപ്പ്
- ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ
- ശർക്കര ഉരുക്കിയത് – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേക്ക് 3 കപ്പ് ഗോതമ്പ് പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നത് പോലെ നല്ല പോലെ കുഴച്ച് മാറ്റി വയ്ക്കുക.
ശേഷം വെറൊരു പാത്രത്തിൽ 1 കപ്പ് തേങ്ങയും 1 കപ്പ് അവലും ശർക്കര ഉരുക്കിയതും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇനി കുഴച്ച് വച്ചിരിക്കുന്ന ഗോതമ്പ് മാവ് ചെറിയ ഉരുളകളാക്കി ഓരോന്നും ചപ്പാത്തിയുടെ ആകൃതിയിൽ പരത്തി എടുക്കുക.
പരത്തിയ ചപ്പാത്തിയുടെ ഒരു വശത്ത് തേങ്ങാ ശർക്കര കൂട്ട് മുകളിൽ വയ്ക്കുക. അതിന് ശേഷം മടക്കി രണ്ട് വശവും ഒട്ടിച്ച് എടുക്കുക. ഇനി ഒരു തവയിൽ കുറച്ച് എണ്ണ പുരട്ടി മൊരിച്ചെടുക്കുക. ഗോതമ്പ് അട തയ്യാറായി.