Food

വെറും മൂന്ന് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ രുചികരമായി മൈസൂർ പാക്

ഇനി മുതൽ മൈസൂർ പാക് പുറത്ത് നിന്ന് വാങ്ങേണ്ട. വെറും മൂന്ന് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ രുചികരമായ മൈസൂർ പാക് തയ്യാറാക്കാം. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കടലമാവ് – 2 കപ്പ്
  • പഞ്ചസാര – 2 കപ്പ്
  • നെയ്യ് ഉരുക്കിയത് – 11/2 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് കടലമാവും അതിലേക്ക് ഒന്നര കപ്പ് നെയ്യ് ഉരുക്കിയതിൽ കുറേശ്ശെ വീതം ചേർത്ത് നന്നായി യോജിപ്പിക്കുക.( അൽപം നെയ്യ് മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക). അതിനു ശേഷം സ്റ്റൗ കത്തിച്ച്, തവ ചൂടാക്കാൻ വയ്ക്കുക. ചൂടായി കഴിഞ്ഞാൽ ഒന്നരക്കപ്പ് പഞ്ചസാരയില്‍ മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. പഞ്ചസാര നല്ലത് പോലെ അലിയുന്നത് വരെ ഇളക്കി കൊടുക്കുക.

പഞ്ചസാര ലായനി തിളച്ചു വരുമ്പോൾ കടലമാവിന്റെ മിശ്രിതം അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഇത് യോജിച്ച് വരാൻ കുറച്ചു സമയമെടുക്കും അതുവരെ നന്നായി ഇളക്കികൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം നന്നായി വറ്റിച്ചെടുക്കുക. ബാക്കി മാറ്റിവച്ചിരിക്കുന്ന നെയ്യ് കുറേശ്ശെ വീതം ഇതിലേക്ക് ഒഴിച്ചു കൊടുത്ത് നല്ല പോലെ ഇളക്കിക്കൊടുക്കുക.

നന്നായി വരട്ടിയെടുക്കുക. ഈ മിശ്രിതം പാനിൽ നിന്ന് വിട്ട് വരുന്നത് വരെ ഇളക്കുക. ശേഷം തീ അണയ്ക്കുക. ശേഷം ഈ മിശ്രിതം ഒഴിക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിനുള്ള വെണ്ണയോ നെയ്യോ പുരട്ടുക. ശേഷം പാത്രത്തിലേക്ക് മിശ്രിതം ഒഴിക്കുക. ഇതൊന്ന് സെറ്റാകാനായി രണ്ടോ മൂന്നോ മണിക്കൂർ മാറ്റിവയ്ക്കുക. ശേഷം മുറിച്ച് കഴിക്കുക.