പാകിസ്ഥാൻ്റെ പ്രീമിയം പേസർ ഹാരിസ് റൗഫ് പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവിനെക്കുറിച്ചും നേരിട്ട പോരാട്ടങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. തിരിച്ചുവരവിന് വേണ്ടി എടുത്ത കഷ്ടപ്പാടുകൾ ടി20 ലോകകപ്പിൽ തൻ്റെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ സഹായിക്കുമെന്നും റൗഫ് പറയുന്നു. തോളെല്ലിന് പരുക്കേറ്റ താരത്തിന് മൂന്ന് മാസത്തോളം ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ പൂർണ ആരോഗ്യവാനായി ഏറെ പ്രതീക്ഷയോടെയാണ് റൗഫ് ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. പരിക്കിനെ തുടർന്ന് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന സമയം കഠിനവും ബുദ്ധിമുട്ടുള്ളതുമായിരുന്നു, പക്ഷെ അത് വരാനിരിക്കുന്ന 2024 ലെ ടി20 ലോകകപ്പിന് മുന്നോടിയായി തൻ്റെ ഗെയിം വിലയിരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും ഉപകരിച്ചതായും, ഇതിനെ മോശം സമയം നൽകിയ അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തിയതിലും പച്ച ജേഴ്‌സിയെ വീണ്ടും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിലും ഹാരിസ് റൗഫ് സന്തോഷം പ്രകടിപ്പിച്ചു. പരിക്കിന് ശേഷമുള്ള തിരിച്ചു വരവിനെടുത്ത സമയം സ്വയം തന്നെ പുനസൃഷ്ട്ടിച്ച ജേർണിയായിട്ടാണ് കാണുന്നതെന്നും താരം പറഞ്ഞു. “കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്കിനെ തുടർന്ന് ഞാൻ ടീമിൽ ഇല്ലായിരുന്നു, എന്നാൽ നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ, ഇത്തരം സമയം ഒരു അനുഗ്രഹമായിരിക്കും, കാരണം നിങ്ങളുടെ ഗെയിം പ്ലാനുകൾ വീണ്ടെടുക്കാനും പുനർമൂല്യനിർണയം നടത്താനും നിങ്ങൾക്ക് ഈ സമയം ഉപയോഗിക്കാൻ സാധിക്കും. ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത് എനിക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി കളിക്കുമ്പോൾ, അതിൽ നിന്ന് വിട്ട് നിൽക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ, ഗെയിമിന് വേണ്ടി കൂടുതൽ ഫിറ്റാക്കാൻ ഈ സമയം ഉപയോഗിക്കാൻ കഴിയും. നന്ദിയോടെ ഞാൻ ഇപ്പോൾ തിരിച്ചെത്തി, ലോകകപ്പ് വരാനിരിക്കുന്നു,” കാർഡിഫിൽ നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഹാരിസ് റൗഫ് പറഞ്ഞു.
ടി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ പാകിസ്ഥാൻ 23 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു, എന്നാൽ വരാനിരിക്കുന്ന മത്സരത്തിൽ തൻ്റെ ടീമിന് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റൗഫ്. “നമ്മൾ ഒരു കളി തോൽക്കുമ്പോൾ അത് വേദനിപ്പിക്കുന്നു, പക്ഷേ ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഏത് ദിവസവും ഏത് എതിർപ്പിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും. മുൻകാലങ്ങളിലും ഞങ്ങൾ അത് ചെയ്തിട്ടുമുണ്ട്. നമ്മൾ തെറ്റുകൾ വരുത്തുമ്പോൾ പഠിക്കുകയും ചെയ്യാതിരിക്കാൻ ശ്രമിക്കുകയും ചെയ്യും. ഞങ്ങളുടെ പരിശ്രമങ്ങളുടെ ഫലം അടുത്ത കാലത്തായി അനുകൂലമായിരുന്നില്ല എന്നാൽ ഇത്തവണ എല്ലാം മികച്ചതാകുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്’ റൗഫ് പറഞ്ഞു.