ബജറ്റുകളില്‍ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കാന്‍ എല്ലാ സര്‍ക്കാരുകളും മുന്‍പന്തിയില്‍ നിന്നുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു പതിറ്റാണ്ടായി രാജ്യം ഭരിക്കുന്ന ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരും ബജറ്റിലൂടെ വാഗ്ദാനങ്ങള്‍ വാരി വിളമ്പി നല്‍കാന്‍ മിടുക്കരാണെന്ന് തെളിയിച്ചിച്ചു കഴിഞ്ഞു. പറഞ്ഞു വരുന്നത്, 2019ല്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വാഗ്ദാനം ചെയ്ത് ഒരു പദ്ധതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ് ചര്‍ച്ചാ വിഷയം ആകുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2019 ജൂലൈയിലെ തന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതു കേട്ട് രാജ്യത്തെ ഒട്ടുമിക്ക ജനവിഭാഗങ്ങളും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഏകേദശം മൂന്ന് കോടി ചില്ലറ വ്യാപാരികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം നല്‍കുമെന്ന ബജറ്റ് വാഗ്ദാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷി നിറുത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തട്ടിവിട്ടത്. ഇതിനായി പ്രധാനമന്ത്രി കരം യോഗി മാന്‍ ധന്‍ എന്ന പദ്ധതിയാണ് ബജറ്റിലൂടെ വിഭാവനം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി ആദ്യ വര്‍ഷത്തില്‍ 750 കോടി രൂപ ചെലവഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. പ്രതിമാസം 3000 രൂപയാണ് പെന്‍ഷന്‍ ആയി നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വെറും മൂന്ന് കോടി രൂപയാണ് അനുവദിച്ചത്, അതില്‍ 10 ലക്ഷം രൂപ മാത്രമാണ് പ്രോഗ്രാമിനായി ചെലവഴിച്ചതെന്ന് ഏറ്റവും പുതിയ ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ വര്‍ഷം ചെലവഴിക്കുമെന്ന് പറഞ്ഞ 750 കോടിക്ക് പകരം 155.9 കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.
പദ്ധതി ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍, സര്‍ക്കാര്‍ 1,133 കോടി രൂപ ചെലവഴിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും യഥാര്‍ത്ഥത്തില്‍ അനുവദിച്ചത് 162 കോടി രൂപ മാത്രമാണ്, വാഗ്ദാനം ചെയ്ത തുകയുടെ 14% മാത്രം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2023 ജനുവരി വരെ ഈ സ്‌കീമിന് അര്‍ഹരായ 50,000-ത്തിലധികം പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പദ്ധതി പ്രഖ്യാപിച്ചതുപോലെ നടക്കില്ലെന്ന് മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി കരം യോഗി മന്‍ധനിനെ പ്രധാനമന്ത്രി ശ്രം യോഗി മന്‍ ധന്‍ (PM-SYM) എന്ന മറ്റൊരു പെന്‍ഷന്‍ പദ്ധതിയുമായി ലയിപ്പിച്ചു. എന്തുകൊണ്ടാണ് പെന്‍ഷന്‍ പദ്ധതി പരാജയപ്പെട്ടതെന്ന് 2023 മാര്‍ച്ചില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സര്‍ക്കാരിനോട് ചോദിച്ചു. ഈ പെന്‍ഷന്‍ പദ്ധതി സമാന സ്വാഭാവമുള്ള മറ്റൊരു പദ്ധതിയുമായി ലയിപ്പിച്ചതായി അറിയിക്കുകയാണ് ചെയ്തത്.
പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ വഴി 42 കോടി അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്താനാണ് പദ്ധതി വിഭാവം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ പെന്‍ഷന്‍ പദ്ധതിയും പരാജയപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. ആരംഭിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ 42 കോടി ഗുണഭോക്താക്കളെ ചേര്‍ക്കുമെന്ന പറഞ്ഞ പദ്ധതിയില്‍ ഇതുവരെ 43 ലക്ഷം പേരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പല പദ്ധതികളുടെയും നിലവിലെ അവസ്ഥയിതാണെന്ന് വ്യക്തമാണ്. ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും തന്ത്രങ്ങളാണ് ഇത്തരം പദ്ധതികളെന്ന് ആരോപണം ഉയരുന്നു.
ഇതു മാത്രമല്ല അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയെക്കുറിച്ചും നിരവധി ആരോപണങ്ങളാണ് ഉണ്ടാകുന്നത്. 2015 ല്‍ പുതുക്കി പുറത്തിറക്കിയ അടല്‍ യോജന പ്രാഥമികമായും അസംഘടിത മേഖയ്ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. എന്നാല്‍ ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് എന്ന ഓണ്‍ലൈന്‍ സ്ഥാപനം നടത്തിയ അന്വേഷണത്തില്‍, അനുമതിയില്ലാതെ ബാങ്കുകള്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ പൗരന്മാരെ നിര്‍ബന്ധിതമായി ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. പദ്ധതിയുടെ വിജയം വ്യാജമായി കാണിക്കാന്‍ സര്‍ക്കാര്‍ എന്റോള്‍മെന്റുകളുടെ എണ്ണം കൃത്രിമമായി വര്‍ദ്ധിപ്പിക്കുകയാണെന്ന കടുത്ത വിമര്‍ശനത്തിന് ഇത് കാരണമായി.
2019-2020 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ലിസ്റ്റ് ചെയ്ത 906 കേന്ദ്രമേഖലാ സ്‌കീമുകളിലേക്കുള്ള ബജറ്റ് വിഹിതത്തില്‍ വന്‍ കുറവ് കണ്ടെത്തിയെന്ന് ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് അവരുടെ അന്വേഷണത്തിലൂടെ കണ്ടെത്തി കഴിഞ്ഞു. 906 സ്‌കീമുകളില്‍ 651 അല്ലെങ്കില്‍ 71.9% സര്‍ക്കാര്‍ ഫണ്ട് ചെയ്തിട്ടില്ല. ഓരോ അഞ്ച് പദ്ധതികളിലും ഒന്നിന്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ പകുതിയോ അതില്‍ കുറവോ ചെലവഴിച്ചു. ക്ഷേമപദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുകയില്‍ നിന്നും വലിയ രീതിയില്‍ വെട്ടിക്കുറിച്ചിട്ടുണ്ട്. ക്ഷേമപദ്ധതികളില്‍ 75 ശതമാനത്തിനെങ്കിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിലും കുറഞ്ഞ തുക മാത്രമാണ് ലഭിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ചെയ്യുന്നത് പല പദ്ധതികളെയും റീബ്രാന്‍ഡ് ചെയ്യുകയാണ്. അതുവഴി മൊത്തത്തില്‍ ഒരു അവ്യക്തത ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു. പദ്ധതിയുടെ പേരുകള്‍ മാറ്റുകയും മറ്റു പേരുകള്‍ നല്‍കി വിവിധ പദ്ധതികളില്‍ ലയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതില്‍ അവര്‍ വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.
ചെറുകിട കടയുടമകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പിഎം കരം യോഗി മാന്‍ ധന്‍ 2019-ല്‍ ആരംഭിച്ച ആദ്യ വര്‍ഷത്തില്‍ 750 കോടി രൂപ ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം, യാഥാര്‍ത്ഥ്യം പുറത്തുവന്നു: സര്‍ക്കാര്‍ തുകയുടെ 20.7% മാത്രമാണ് ചെലവഴിച്ചത്. ബജറ്റില്‍ 155.7 കോടി രൂപ ചെലവിട്ടു. ഏറ്റവും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പോലും 3 കോടി രൂപ ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അതില്‍ 3.3% മാത്രമാണ് ചെലവഴിച്ചത്. പിന്നീട് ഈ പദ്ധതി മറ്റൊരു പദ്ധതിയില്‍ കൂട്ടിച്ചേര്‍ത്തു. ഇതു പോലെ പല പദ്ധതികളും പേരുമാറ്റിയും പുതുക്കിയ നിയമാവലി ഉള്‍പ്പെടുത്തിയും തുക കൈമാറ്റം വൈകിപ്പിക്കുന്നതായാണ് ആരോപണം ഉയരുന്നത്.
പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍(PM-SYM)
അസംഘടിത തൊഴിലാളികള്‍ക്കുള്ള ഒരു പെന്‍ഷന്‍ പദ്ധതി റിക്ഷാ വലിക്കുന്നവര്‍, വഴിയോരക്കച്ചവടക്കാര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, ഹെഡ്‌ലോഡ് ചെയ്യുന്നവര്‍, ഇഷ്ടിക ചൂളയിലെ തൊഴിലാളികള്‍, ചെരുപ്പ് നന്നാക്കുന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍, അലക്കു തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, അലക്കു തൊഴിലാളികള്‍ എന്നിങ്ങനെ ഏര്‍പ്പെട്ടിരിക്കുന്ന അസംഘടിത തൊഴിലാളികളുടെ വാര്‍ദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടിയാണ് ഈ പദ്ധതി. പുരുഷന്മാര്‍, വീട്ടുജോലിക്കാര്‍, സ്വന്തം അക്കൗണ്ട് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, ഓഡിയോ വിഷ്വല്‍ തൊഴിലാളികള്‍ അല്ലെങ്കില്‍ സമാനമായ മറ്റ് തൊഴിലുകളില്‍. രാജ്യത്ത് ഇത്തരത്തില്‍ 42 കോടി അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്.
പ്രധാനമന്ത്രി കരം യോഗി മന്‍ ധന്‍ യോജന
ചെറുകിട വ്യവസായികളും ചെറുകിട കച്ചവടക്കാരും വാര്‍ദ്ധക്യത്തില്‍ കടകള്‍ നടത്താനാകാതെ സാമ്പത്തികമായി തളര്‍ന്നുപോകുന്നതും പഴയതൊന്നും ലഭിക്കാത്തതുമാണ് പ്രധാനമന്ത്രി കരം യോഗി മന്ധന്‍ യോജനയുടെ പ്രധാന ലക്ഷ്യം. ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 60 വയസിന് ശേഷമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സാമ്പത്തിക സ്ഥിതിയെ സഹായിക്കുന്നതിനായി പ്രധാന്‍ മന്ത്രി കരം യോഗി മന്ധന്‍ യോജന 2023 പ്രകാരം എല്ലാ മാസവും 3000 രൂപ പെന്‍ഷനായി നല്‍കുന്നു. എല്ലാ ചെറുകിട വ്യവസായികളെയും വ്യാപാരികളെയും സ്വയം പര്യാപ്തരും ശാക്തീകരിക്കുന്നവരുമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം, നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരെ സ്വയംപര്യാപ്തരാക്കുക എന്നതാണ്.