Movie News

‘‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും”: ‘ആവേശ’ത്തെ പ്രശംസിച്ച് വരുൺ ധവാൻ

തിയറ്ററുകളിൽ മിന്നും വിജയം കാഴ്ച്ചവെച്ച ‘ആവേശം’ ഒടിടിയിലും സൂപ്പർ ഹിറ്റായി സ്ട്രീമിങ് തുടരുകയാണ്. ഇപ്പോഴിതാ ‘ആവേശം’ സിനിമയെ പ്രശംസിച്ചു ബോളിവുഡ് നടൻ വരുൺ ധവാനും എത്തിയിരിക്കുകയാണ്. പ്രൈം വിഡിയോയിൽ സിനിമ കണ്ടതിന് ശേഷമായിരുന്നു വരുണിന്റെ പ്രതികരണം.

‘‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും. എല്ലാ സിനിമാപ്രേമികള്‍ക്കും ഇഷ്ടപ്പെടും. തുടക്കം മുതല്‍ ഒടുക്കം വരെ ഗംഭീര സിനിമ, എല്ലാവരും ഇത് കാണൂ”. –വരുണ്‍ ധവാന്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

155 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയ കലക്‌ഷന്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഏപ്രില്‍ 11ന് ആയിരുന്നു റിലീസ് ചെയ്തത്. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്. അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഇതാദ്യമായല്ല ചലച്ചിത്രരം​ഗത്തുനിന്നുള്ള പ്രമുഖർ ഈ ജിത്തു മാധവൻ ചിത്രത്തെ പ്രശംസിക്കുന്നത്. നേരത്തേ നയൻ താര, സാമന്ത എന്നിവർ ആവേശത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഈ വർഷത്തെ വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിലെത്തിയത്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമിച്ചത്.

അതേസമയം കലീസ് സംവിധാനംചെയ്യുന്ന ബേബി ജോൺ ആണ് വരുൺ ധവാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് സൂപ്പർഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് ആണ് ബേബി ജോൺ. കീർത്തി സുരേഷ്, വാമിഖ ​ഗബ്ബി, ജാക്കി ഷ്റോഫ്, സാനിയ മൽഹോത്ര എന്നിവരാണ് മറ്റുവേഷങ്ങളിൽ. രാജ്-ഡി.കെ ടീം ഒരുക്കുന്ന സിറ്റഡെൽ ഹിന്ദി റീമേക്കിലൂടെ ഒ.ടി.ടിയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വരുൺ ധവാൻ.