News

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി വകുപ്പിന്‍റെ വെബ്സൈറ്റിലാണ് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാം. ഇക്കഴിഞ്ഞ മാർച്ച് 1 മുതൽ 26 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടന്നത്. ഇത്തവണ 4,14,159 വിദ്യാർത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതിയത്.സഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണിപ്പോള്‍ പ്ലസ് വണ്‍ പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചത്. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം.

ഇതിനിടെ, 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലവും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷാഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inൽ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വ‍ർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്.

മെയ് 16 മുതലാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ആരംഭിച്ചത്. നിലവിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സമയമാണ്. മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. തുടർന്ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.