ബംഗളൂരു: ഒരാഴ്ചയ്ക്കിടയിൽ രണ്ട് പേരെ തലയിൽ കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്. ബനശങ്കരി സ്വദേശിയായ ഗിരീഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി മുൻപും സമാന പശ്ചാത്തലമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മദ്യപിച്ച പ്രതി ഫൂട്ട്പാത്തിൽ കിടന്നുറങ്ങുന്നവർക്ക് നേരെ കല്ലെറിഞ്ഞ കേസിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്.
പോലീസ് റിപ്പോർട്ട് പ്രകാരം, മെയ് 12 ന് ജയനഗർ ബ്ലോക്കിൽ ഗിരീഷ് ഒരാളെ വലിച്ചിഴച്ച് തലയിൽ കൂറ്റൻ കല്ലുകൾ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സിഗരറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇരയെ ഗിരീഷ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ബനശങ്കരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിന് മുമ്പ്, മെയ് 18 ന് സിറ്റി മാർക്കറ്റിന് പിന്നിൽ മറ്റൊരു കുറ്റകൃത്യവും സമാന രീതിയിൽ ചെയ്തതായും പോലീസ് കണ്ടെത്തി. രണ്ടാമത്തെ കൊലപാതകം മൊബൈൽ ഫോൺ മോഷ്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു. തർക്കത്തിനൊടുവിൽ ഗിരീഷ് ഉറങ്ങിക്കിടന്ന കൂട്ടാളിയായ സുരേഷിനെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആഴത്തിൽ അടിയേറ്റ സുരേഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇതോടെ പോലീസ് ഗിരീഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയും കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. “കൊലപാതകം നടന്നത് മെയ് 18 നായിരുന്നു, മെയ് 19 ന് പ്രതിയെ പിടികൂടി. സിഗരറ്റ് പങ്കിടാത്തതിനാൽ അയാൾ ഒരാളെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സിറ്റി മാർക്കറ്റിന് സമീപം മറ്റെയാളെയും സമാനമായ രീതിയിൽ കൊലപ്പെടുത്തി. ലോകേഷ് ജഗലസർ, സൗത്ത് ബെംഗളൂരു ഡിസിപി പറഞ്ഞു. പ്രതി മറ്റ് കൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. സമാന രീതിയിൽ കൊലപാതകം നടത്തിയതിനാൽ പ്രതി സീരിയൽ കില്ലർ ആണോയെന്നും സംശയമുണ്ട്.