Kerala

“ഉദയകുമാറിനെ” പേടിച്ച് മുട്ടിടി: “നസീറിനോട്” കട്ട കലിപ്പും; നഷ്ടം KSRTCക്കോ? (എക്‌സ്‌ക്ലൂസീവ്)

KSRTCയിലെ രണ്ടു നീതിയും രണ്ടു ന്യായവും ചോദ്യം ചെയ്യുന്ന ജീവനക്കാരോട് പറയാനുള്ളത്, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു മാത്രമാണ്. കാരണം, തെറ്റു ചെയ്തവനെ സംരക്ഷിക്കുന്നതിന് KSRTC ഏതറ്റം വരെയും പോകും. എന്നാല്‍, ന്യായത്തിനും നീതിക്കും വേണ്ടി ആര് നില്‍ക്കുന്നുവോ അവന്റെ അന്ത്യം കുറിക്കാന്‍ തലങ്ങും വിലങ്ങും ആക്രമിക്കും. അഥവാ ആക്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. ഇത് തെളിയിക്കുകയാണ് സമീപ കാലത്തുണ്ടായ രണ്ടു സംഭവങ്ങള്‍. കൈക്കൂലി കേസില്‍ പോലീസ് വിജിലന്‍സ് കൈയ്യോടെ പിടിച്ച ഉദ്യോഗസ്ഥനെ പിരിച്ചു വിടാത്തതു വഴി KSRTCയുടെ നഷ്ടം എത്രയാണെന്ന് കണക്കുകൂട്ടി നോക്കിയാല്‍ മനസ്സിലാകും അത്.

എന്തുകൊണ്ടാണ് ഉദയകുമാറിനെ KSRTC, സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ തയ്യാറാകാത്തത് ?. പെന്‍ഷനാകാന്‍ ഇനി മൂന്നു ദിവസം മാത്രമേയുള്ളൂ. ഈ ദിവസങ്ങള്‍ കൂടി പ്രശ്‌നങ്ങളൊന്നുമില്ലാതെ താണ്ടിയാല്‍ ഉദയകുമാറിന് KSRTC പെന്‍ഷനും, ആനുകൂല്യങ്ങളും ലഭിക്കുമെന്നുറപ്പാണ്. നിലവില്‍ സസ്‌പെന്‍ഷനിലുമാണിയാള്‍. 2023 ജൂലായിലാണ് ഉദയകുമാറിനെ പോലീസ് വിജിലന്‍സ് കൈക്കൂലി കേസില്‍ പിടികൂടുന്നത്. തുടര്‍ന്ന് റിമാന്റിലാവുകയും ചെയ്തിരുന്നു. അന്നുതൊട്ട് പകുതി ശമ്പളവും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍, സി.പി.എമ്മിന്റെ പ്രമുഖ നേതാവിന്റെ ബന്ധുവെന്ന ലേബല്‍ ഉള്ളതിനാല്‍, കൈക്കൂലി കേസൊക്കെ KSRTCയുടെ ഫ്രീസറില്‍ വെച്ച് പൂട്ടിയിരിക്കുകയാണ്.

ഉദയകുമാറിനെ പിരിച്ചു വിടാതിരിക്കാന്‍ ഈ വിഷയം തന്നെ എല്ലാവരും ബോധപൂര്‍വ്വം മറന്നു കളഞ്ഞിരിക്കുന്നു. എന്നാല്‍, സത്യം മറനീക്കി പുറത്തു വരിക തന്നെചെയ്യുമെന്ന സാമൂഹിക തത്വം നിലനില്‍ക്കുന്നതു കൊണ്ട് ഉദയ കുമാറിനും, അദ്ദേഹത്തെ സഹായിക്കുന്നവര്‍ക്കും എന്നും തലവേദന തന്നെയാണ്. കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിക്കാന്‍ കരാര്‍ എടുത്ത ആളില്‍ നിന്നാണ് ഉദയകുമാര്‍ കൈക്കൂലി വാങ്ങിയത്. ആദ്യം അറുപതിനായിരം രൂപയും രണ്ടാമത് മുപ്പതിനായിരം രൂപയുമാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. 30,000 രൂപ ശ്രീമൂലം ക്ലബ്ബില്‍ വെച്ച് വാങ്ങുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആറ് ലക്ഷം രൂപയുടെ ബില്ല് മാറാന്‍ ഒരു ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്.

നേരത്തെയും ഇയാള്‍ പലതവണ പരസ്യം കരാര്‍ ഏറ്റെടുത്തവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സമാനമായ ചില സംഭവങ്ങള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണവും നടത്തുന്നുണ്ട്. തുടര്‍ന്ന് ഉദയകുമാറിനെ കോടതി റിമാന്റ് ചെയ്തു. KSRTC യെ വില്‍പ്പന നടത്തിയ ഈ ഉദ്യോഗസ്ഥനുമായി എന്ത് ആത്മ ബന്ധമാണ് മാനേജ്‌മെന്റ് കാത്തു സൂക്ഷിക്കുന്നത് എന്നതാണ് ചോദ്യം. അതേസമയം, വികാസ് ഭവന്‍ ഡിപ്പോയില്‍ ഡി.റ്റി.ഒ ആയിരുന്ന ഒരു നസീര്‍ എന്ന ഉദ്യോഗസ്ഥനെ പിരിച്ചു വിടാന്‍ KSRTC മാനേജ്‌മെന്റ് കാട്ടിയ ഉത്സാഹം ഇന്നും ജീവനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ട്.

ഡ്യൂട്ടി സമയച്ച് മദ്യപിച്ചു എന്ന പേരിലാണ് ആദ്യം സസ്‌പെന്റ് ചെയ്തതും, പിന്നീട് പിരിച്ചുവിടല്‍ ഉത്തരവിറക്കിയതും. KSRTC വിജിലന്‍സാണ് നസീറിനെ പിടിച്ചത്. ബ്രത്ത് അനലൈസര്‍ വെച്ചോ, മെഡിക്കല്‍ ചെക്കപ്പോ നടത്താതെ, മറ്റു ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീറിനെ സസ്‌പെന്റ് ചെയ്തത്. ഇതിനെതിരേ നസീര്‍ കോടതിയെ സമീപിച്ചെങ്കിലും മാനേജ്‌മെന്റ് കടുത്ത വാശിയിലായിരുന്നു. നസീറുമായി നേരിട്ടൊരു പോരാട്ടത്തിനു വരെ മാനേജ്‌മെന്റ് തയ്യാറായെന്നു വേണമെങ്കില്‍ പറയാം. അങ്ങനെ കേസ് കോടതിയുടെ പരിഗണയിലിരിക്കുമ്പോഴായിരുന്നു നസീറിനെ പിരിച്ചു വിട്ടുകൊണ്ട് ഉത്തരവിറക്കുന്നത്.

എന്നാല്‍, KSRTCയെ കോടതി തിരുത്തി. നസീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവ് നല്‍കി. തെളിവില്ലാത്ത, രേഖകളുടെ അടിസ്ഥാനമില്ലാത്ത ആരോപണത്തിന്റെ പേരില്‍ നസീറിനെ പിരിച്ചു വിട്ടത് അന്യായമാണെന്നാണ് കോടതി പറഞ്ഞത്. ഇതേ തുടര്‍ന്ന് പിരിച്ചു വിടാന്‍ ഉത്തരവിറക്കിയവരെ കൊണ്ടു തന്നെ നസീറിനെ പാറശ്ശാല ഡിപ്പോയില്‍ നിയമിച്ച് ഉത്തരവിറക്കിക്കാന്‍ കോടതിക്കു കഴിഞ്ഞുവെന്നതാണ്. അങ്ങനെ സത്യം വിജയിക്കുകയും KSRTC തോല്‍ക്കുകയും ചെയ്ത കേസായി അത് മറി.

ഇങ്ങനെ, ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ജീവനക്കാരെ പീഡിപ്പിക്കുന്ന KSRTC, തങ്ങളുടെ ഇഷ്ടക്കാര്‍ കുറ്റം ചെയ്താല്‍ മിണ്ടില്ല. അതാണ്, ഉദയകുമാര്‍ കേസില്‍ കണ്ടത്. നസീറും, ഉദയകുമാറും ഈ മാസം KSRTCയോട് വിട പറയുകയാണ്. ഒരാള്‍ KSRTCയുടെ പീഡനം ഏറ്റുവാങ്ങിയിട്ടും പൊരുതി ജയിച്ച് ജോലിയില്‍ തിരികെ വന്നയാള്‍. മറ്റേയാളോ KSRTCയെ വിറ്റ് പണം സമ്പാദിച്ച് പിടിക്കപ്പെട്ടയാള്‍. ഇതില്‍ ആരെയാണ് ജോലിയില്‍ നിന്നും പിരിച്ചു വിടേണ്ടതെന്ന് ജീവനക്കാര്‍ തന്നെ പറയൂ. പാര്‍ട്ടിയോ, യൂണിയനോ, വ്യക്തിയെയോ നോക്കാതെ സത്യം പറയണം.

നസീര്‍ ചെയ്ത കുറ്റവും, ഉദയകുമാര്‍ ചെയ്ത കുറ്റവും തൂക്കി നോക്കൂ. എന്നിട്ട്, KSRTCക്ക് ധന നഷ്ടവും മാനഹാനിയും ഉണ്ടാക്കിയത് ആരാണെന്ന് വിധിക്കൂ. അപ്പോഴറിയാം KSRTC മാനേജ്‌മെന്റിന്റെ കൂര്‍മ്മത എത്രത്തോളമാണെന്ന്. ഉദയകുമാറിന്റെ ഇപ്പോഴത്തെ ശമ്പളം ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്തുണ്ടാകും. (ഏകദേശ കണക്കാണിത്, കൃത്യമല്ല). ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ ആയതു കൊണ്ട് പകുതി ശമ്പളമായ 50,000 രൂപയാണ് കൊടുക്കുന്നത്. നോക്കൂ, കൈക്കൂലി കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വന്ന ഉദയകുമാറിനെ പിരിച്ചു വിടാത്തതു വഴി പെന്‍ഷന്‍ ആനുകൂല്യം കുറഞ്ഞത് 20 ലക്ഷംരൂപയ്ക്കടുത്തെങ്കിലും KSRTC കൊടുക്കേണ്ടി വരും. (ജീവനക്കാരന്റെ സര്‍വീസ് കാലാവധിയും, ജോലിയിലെ ഗ്രേഡുമൊക്കെ പരിഗണിച്ചാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടാണ് ഇത് പറയുന്നത്. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കണക്ക് ഏകദേശം മാത്രമാണ്. ഇതുവെച്ച് കണക്കു കൂട്ടിയാല്‍ തന്നെ KSRTCയുടെ നഷ്ടത്തിന്റെ വലിപ്പം മനസ്സിലാക്കാനാകും. അതിനു വേണ്ടിയാണ് ഈ താരതമ്യം നടത്തിയത്).

ഇനി പറയൂ, ഉദയകുമാറിനെ പിരിച്ചു വിടണ്ടേ. അതോ നസീറിനെ പിരിച്ചു വിട്ടതാണോ ന്യായം. കോടതിക്കു തെറ്റു പറ്റിയതാണോ. അതോ ഉദയകുമാറിനെ സംരക്ഷിക്കുന്നവര്‍ ചെയ്യുന്നതാണോ ശരി.