India

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. കര്‍ക്കര്‍ദുമ കോടതിയാണ് ഉമറിന്റെ അപേക്ഷ തള്ളിയത്. ഉമറിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ഉമറിന്റേത് നിസ്സാരവും അടിസ്ഥാനരഹിതവുമായ ആവശ്യമാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.

2020 സെപ്റ്റംബറിലാണ് യുഎപിഎ പ്രകാരം ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് യുഎപിഎ ചുമത്തിയത്. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉമര്‍ ഖാലിദിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലീസിനെതിരെ ക്യാമ്പയിന്‍ നടത്താന്‍ ഖാലിദ് അഭിനേതാക്കളോടക്കം ആഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇതെല്ലാം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

ഉമര്‍ ഖാലിദിനെതിരെ തീവ്രവാദ ആരോപണങ്ങള്‍ കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കുറ്റപത്രത്തില്‍ ഖാലിദിനെതിരെ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. തന്റെ കക്ഷിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ഖാലിദിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

തീവ്രവാദബന്ധം ആരോപിക്കുന്ന ഒരു സാക്ഷിമൊഴി പോലും തനിക്കെതിരെ ഇല്ലെന്നും തന്നില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഉമര്‍ ഖാലിദ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. തന്നേക്കാള്‍ വലിയ ആരോപണങ്ങള്‍ നേരിടുന്നവര്‍ ജാമ്യത്തില്‍ കഴിയുകയാണെന്നും ഉമര്‍ ഖാലിദ് കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ കുറ്റാരോപിതരായ നതാക്ഷ നര്‍വല്‍, ദേവഗ ഖലിത, എസ്. ഐ. ഒ നേതാവ് ആസിഫ് ഇക്ബാല്‍ താന്‍ഹ തുടങ്ങിയവര്‍ക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ആറ് തവണ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ മാറ്റിവെച്ചതിന് പിന്നാലെ അദ്ദേഹം സുപ്രീം കോടതിയിലെ അപേക്ഷ പിന്‍വലിച്ചിരുന്നു.

ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം നടത്തിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ 2020 സെപ്റ്റംബർ 13നാണ് ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്.

ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ്. കേസ് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഉമര്‍ ഖാലിദ് ജാമ്യാപേക്ഷ നല്‍കിയത്. പ്രത്യേക ജഡ്ജി സമീര്‍ ബാജ്‌പേയി മെയ് 13ന് ജാമ്യാപേക്ഷ വിധിപറയാനായി മാറ്റിയിരുന്നു.