കോഴിക്കോട്: പാളയത്ത് ബാർ ജീവനക്കാരനായ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് തോപ്പയിൽ സ്വദേശി ഷാനിദ്, വെളളയിൽ സ്വദേശികളായ സൂരജ്, ആബിദ് എന്നിവരെയാണ് കസബ പോലീസും ഷാഡോ സംഘവും ചേർന്ന് പിടികൂടിയത്.
ഈ മാസം 17നാണ് സംഭവം. ബാറിലെ ജീവനക്കാരനെ മൂവരും ചേർന്ന് മർദിച്ച് പണമടങ്ങിയ പേഴ്സ് തട്ടിയെടുക്കുകയായിരുന്നു. 24000 രൂപയാണ് ഇവർ കവർന്നത്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർക്കെതിരെ നിരവധി കവർച്ചാക്കേസുകൾ ഉൾപ്പെടെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.