Kerala

കെഎസ്‌യു ക്യാമ്പിലെ സംഘര്‍ഷം: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ കടുത്ത നടപടിയുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. കെ.എസ്​.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​​ എ.ഐ.സി.സിയെ സമീപിച്ചു. അലോഷ്യസ് സേവിയറിന് തന്നെ അപമാനിക്കുന്ന സമീപനമാണ് എന്നാണ് പരാതി.

കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസി അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുധാകരന്‍ ആവശ്യപ്പെട്ടു.

നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാമ്പിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കെഎസ്‌യു പ്രവര്‍ത്തിക്കുന്നത് സ്വതന്ത്ര സംഘടനയെന്ന നിലയിലാണ്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും സുധാകരന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

അതിനിടെ, അലോഷ്യസ് സേവിയര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്‌പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെഎസ് യു സംസ്ഥാന ജനറല്‍സെക്രട്ടറി വെളിപ്പെടുത്തി.

ക്യാമ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കെപിസിസി അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിയാവും അച്ചടക്കനടപടിക്ക് എന്‍എസ്‌യുവിനോട് കെപിസിസി അധ്യക്ഷന്റെ ശുപാര്‍ശ . എന്നാല്‍ അലോഷ്യസ് സേവിയറിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ സ്വീകരിച്ചിട്ടുളളത്.

നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കൻ മേഖല ക്യാമ്പിനിടെയാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ കെ.എസ്​.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ല സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ല ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവർ സസ്​പെൻഷനിലായി.

കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാർട്ടിക്ക്​ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നടപടി തലപ്പത്തുനിന്നുതന്നെ വേണമെന്ന വാദമുന്നയിച്ചാണ്​ സുധാകരൻ അലോഷ്യസ്​ സേവ്യറെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്​.