India

ആറാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ്; പോളിങ് 63.37 %, അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിലെ അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് മെയ് 25ന് നടന്ന പൊതുതിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ 58 മണ്ഡലങ്ങളിലായി 63.37 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് പാനൽ പ്രകാരം 61.95 ശതമാനം പുരുഷ വോട്ടർമാരും 64.95 ശതമാനം സ്ത്രീ വോട്ടർമാരുമാണ് രേഖപ്പെടുത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ പോളിങ് 18.67 ശതമാനമാണ്.

പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്, 82.71 ശതമാനം. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലെ പോളിങ് 54.04 ശതമാനമാണ്. ഡൽഹിയിൽ 58.69 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഹരിയാനയിൽ 64.80 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒഡീഷയിലും ജാർഖണ്ഡിലും യഥാക്രമം 74.45 ശതമാനവും 65.39 ശതമാനവും പോളിങ് രേഖപ്പെടുത്തി.

മെയ് 25 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ഘട്ടങ്ങളിലെയും സമ്പൂർണ്ണ വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടം ജൂൺ ഒന്നിന് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.