ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അതിഷിയ്ക്ക് സമൻസ് അയച്ച് കോടതി. ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹിയിലെ കോടതിയാണ് സമൻസ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ജൂൺ 29-ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തൽ. രാഷ്ട്രീയഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്തസുഹൃത്തുവഴിയാണ് ബി.ജെ.പി തന്നെ സമീപിച്ചത്. ചേര്‍ന്നില്ലെങ്കില്‍ ഒരുമാസത്തിനകം ഇ.ഡി. അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചിരുന്നു.
എന്നാൽ പരാമർശം ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്നും അതിഷി പരാമർശം പിൻവലിക്കണമെന്നും ടിവിയിലൂടെയും സമൂഹ മാധ്യമത്തിലൂടെയും മാപ്പ് പറയണമന്നും പ്രവീൺ ശങ്കർ ഹർജിയിൽ ആവശ്യപ്പെട്ടു.
കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും പ്രതിചേർത്തിരുന്നു. ബിജെപി 7 എംഎൽഎമാരെ ബന്ധപ്പെട്ടെന്നും പാർട്ടി മാറാൻ 25 കോടി വാഗ്ദാനം ചെയ്തെന്നുമുള്ള കേജ്രിവാളിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ചും ഹർജിയിൽ പറയുന്നുണ്ട്. ഏപ്രിൽ 30നാണ് പ്രവീൺ പരാതി നൽകിയത്.
സമൻസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, സമ്പൂർണ സ്വേച്ഛാധിപത്യത്തിനാണ് അവർ ലക്ഷ്യംവെക്കുന്നതെന്ന് ബി.ജെ.പിയെ ഉന്നംവെച്ച് കെജ്രിവാള് ആരോപിച്ചു. അടുത്തതായി അതിഷിയെ അറസ്റ്റ് ചെയ്യുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. അതിനാണ് ഇപ്പോൾ അവർ പദ്ധതിയിടുന്നത്. മോദി വീണ്ടും അധികാരത്തിൽവന്നാൽ എല്ലാ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.